മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സിനിമ താരവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
ചോദ്യം ചെയ്യലിന് ശേഷം 41സി പ്രകാരമുള്ള നോട്ടീസ് നല്‍കി നടക്കാവ് പൊലീസ് സുരേഷ് ഗോപിയെ വിട്ടയച്ചു. അറസ്റ്റ് വേണ്ടെന്ന് പൊലീസ് അറിയിച്ചു.
11.50ന് പൊലീസ് സ്റ്റേഷനിലെത്തിയ സുരേഷ് ഗോപിയെ 12.15ന് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. സ്റ്റേഷനിലെ ചോദ്യം ചെയ്യലിനുള്ള പ്രത്യേക മുറിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ ബിനു മോഹൻ, ഡി.സി.പി കെ.ഇ. ബൈജു, എ.സി.പി ബിജുരാജ്, സി.ഐ ജിജേഷ് അടക്കമുള്ളവര്‍ ചോദ്യം ചെയ്യലിന് മേല്‍നോട്ടം വഹിച്ചു.
മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഐ.പി.സി 354എ വകുപ്പ് ചുമത്തിയാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. 18ന് മുമ്ബ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ് അയച്ചിരുന്നു.
കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നില്‍ വാര്‍ത്തക്കായി ബൈറ്റ് എടുക്കുമ്ബോഴായിരുന്നു സുരേഷ് ഗോപി മീഡിയവണ്‍ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോള്‍ വീണ്ടും തോളില്‍ കൈവച്ചു. ഇതോടെ മാധ്യമ പ്രവര്‍ത്തകക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു.
തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മാധ്യമപ്രവര്‍ത്തക സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. നടക്കാവ് സ്റ്റേഷൻ പരിധിയില്‍ നടന്ന സംഭവമായതിനാല്‍ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.