പാല്‍ ഉല്‍പാദനത്തിന് തിരിച്ചടിയായി ക്ഷീരമേഖലയിലെ പ്രതിസന്ധി. ജില്ലയില്‍ പാല്‍ ഉല്‍പാദനത്തില്‍ വൻ ഇടിവ്.
കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പതിനായിരത്തോളം ലിറ്ററിന്‍റെ കുറവ് പ്രതിദിനമുണ്ടാകുന്നതായാണ് കണക്ക്. ഡിസംബറില്‍ മുൻ വർഷത്തെ അപേക്ഷിച്ച് ശരാശരി 14,703 ലിറ്ററിന്‍റെ കുറവാണ് പ്രതിദിനമുണ്ടായിരിക്കുന്നത്. ഡിസംബറില്‍ 84,518 ലിറ്റർ പാലാണ് പ്രതിദിനം ജില്ലയിലെ സൊസൈറ്റികള്‍വഴി സംഭരിച്ചത്. 2022 ഡിസംബറില്‍ 99,221 ലിറ്ററായിരുന്നു ഇത്.
കഴിഞ്ഞവർഷം ഏപ്രിലില്‍ 98,291 ലിറ്ററായിരുന്നു ജില്ലയിലെ കർഷകർ ഉല്‍പാദിപ്പിച്ചത്. ഡിസംബറില്‍ എത്തിയപ്പോള്‍ 13,773 ലിറ്ററിന്‍റെ കുറവാണുണ്ടായത്. വേനല്‍ കടുക്കുന്ന ഏപ്രിലില്‍ പാല്‍ ഉല്‍പാദനം കുറയുക പതിവാണെങ്കിലും ഡിസംബറില്‍ വർധിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത്തവണ പതിവുകള്‍ തെറ്റി.
ചൂടും ക്ഷീരമേഖലയില്‍നിന്നുള്ള കർഷകരുടെ കൊഴിഞ്ഞുപോക്കും ഉല്‍പാദനത്തെ ബാധിച്ചതായാണ് വിലയിരുത്തല്‍. വരുമാനത്തിനപ്പുറം ചെലവ് കുത്തനെ കൂടിയതോടെ കന്നുകാലി വളര്‍ത്തല്‍ ഒട്ടേറെപ്പേര്‍ ഉപേക്ഷിച്ചിരുന്നു. ഫാമുകളുടെ എണ്ണത്തിലും കുറവുണ്ടായി. കാലിത്തീറ്റ, മരുന്ന്, പച്ചപ്പുല്‍ എന്നിവയുടെ വില വലിയതോതിലാണ് വർധിച്ചത്. രണ്ടു വർഷത്തിനിടെ കാലിത്തീറ്റക്ക് ചാക്കിന് 600 രൂപയിലധികമാണ് വർധിച്ചത്.
വെറ്ററിനറി മരുന്നുകളുടെ വർധനയും തിരിച്ചടിയായി. ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കാത്തതും പശുക്കള്‍ക്ക് ഇടക്കിടെ രോഗം വരുന്നതും കർഷകരെ പ്രതിസന്ധിയിലാക്കി. വയ്ക്കോലിനും തോന്നുംപടിയാണ് വില. ഇതോടെ പശു വളർത്തല്‍ നഷ്ടത്തിലേക്ക് നീങ്ങുകയും പലരും മേഖലയില്‍നിന്ന് പിൻവാങ്ങുകയുമായിരുന്നു.
കന്നുകാലി ഇൻഷുറൻസ് പ്രീമിയം തുകയിലെ വർധനയും ക്ഷീരമേഖലക്ക് തിരിച്ചടിയായി. 2000 രൂപയില്‍ താഴെയുണ്ടായിരുന്ന വാർഷിക പ്രിമീയം 5000ത്തിന് മുകളിലായി. പശുവിന്‍റെ വില വർധിച്ചതാണ് കാരണമായി കമ്ബനികള്‍ പറയുന്നത്. റബര്‍ വിലയിടിവിനെ നാല് അഞ്ച് വർഷങ്ങള്‍ക്ക് മുമ്ബ് മലയോരമേഖലയിലെ കര്‍ഷകര്‍ കൂട്ടമായി പശു വളര്‍ത്തലിലേക്ക് തിരിഞ്ഞിരുന്നു. കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കിയതോടെ വന്‍തോതില്‍ ഫാം മാതൃകയിലും കര്‍ഷകര്‍ രംഗത്തെത്തി.
ഇതോടെ പാല്‍ ഉല്‍പാദനം വര്‍ധിച്ചു. എന്നാല്‍, തുടരെ പ്രതിസന്ധികള്‍ രൂപപ്പെട്ടതോടെ ഇവർ പിൻമാറി. വന്‍തുക വായ്പയെടുത്ത് ഫാം തുടങ്ങി പലരും കടക്കെണിയിലുമാണ്. അടുത്തിടെ തമിഴ്നാട്ടിലേക്ക് ജില്ലയില്‍നിന്ന് പശുക്കളെ കൂട്ടമായി വാങ്ങിക്കൊണ്ടുപോയതും പാലിന്‍റെ അളവ് കുറയാൻ ഇടയാക്കി. ഡെയറി ഫാമുകള്‍ക്കായുള്ള കേന്ദ്ര സർക്കാറിന്‍റെ രാഷ്ടീയ ഗോകുല്‍ മിഷൻ പദ്ധതിക്കായാണ് ജില്ലയില്‍നിന്നടക്കം പശുക്കളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്.
200 പശുക്കളെവരെ വളർത്തുന്നതിന് നാലുകോടി അനുവദിക്കുന്ന പദ്ധതിയില്‍ രണ്ട് കോടി കേന്ദ്ര സബ്സിഡിയും രണ്ട് കോടി ബാങ്ക് വായ്പയുമാണ്. ഈ പദ്ധതില്‍ പുതിയതായി ഫാമുകള്‍ ആരംഭിക്കാൻ ലക്ഷ്യമിട്ടായിരുന്നു എജന്‍റുമാരുടെ നേതൃത്വത്തില്‍ പശുക്കളെ വാങ്ങിയത്.