മാനന്തവാടിയില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുക മാത്രമാണ് പോംവഴിയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.
എന്നാല്‍ ജനവാസമേഖലയില്‍ മയക്കുവെടി സാധ്യമല്ലെന്നും അപകടകരമെന്നും മന്ത്രി പറയുന്നു. ഇതിനായി ജനങ്ങള്‍ സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ കളക്ടറായിരിക്കും നടപടി ഏകോപിപ്പിക്കുക. റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാനാണ് ഇറങ്ങിയത്. കര്‍ണാടകയില്‍ നിന്നുള്ള ആനയായതുകൊണ്ട് അവിടെ നിന്നുള്ള സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
മാനന്തവാടി പായോട് ആണ് പുലര്‍ച്ചെ ആനയെത്തിയത്. രാവിലെ പാലുകൊണ്ടുപോയ ക്ഷീര കര്‍ഷകരാണ് ആനയെ കണ്ടത്.
മാനന്തവാടിയില്‍ നിലവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളിലെത്തിയ വിദ്യാര്‍ഥികള്‍ അവിടെ തന്നെ തുടരണം. മറ്റ് വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ തുടരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കാട്ടാന മാനന്തവാടി പട്ടണത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികള്‍ക്ക് വനംവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി.