വേലുപ്പിള്ള പ്രഭാകരന്റെ മകളെന്ന് അവകാശപ്പെട്ട് യുവതി

ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന യുവതിയുടെ വിഡിയോ വൈറലാവുന്നു.

സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വിഡിയോ പ്രചരിക്കുന്നുണ്ട്. തമിഴ് ഈഴത്തിനായി ജീവൻ ബലിയര്‍പ്പിച്ചവര്‍ക്ക് ആദരം നല്‍കുന്ന മാവീര്‍ നാളിലാണ് യുവതി വിഡിയോയുമായി രംഗത്തെത്തിയത്.

ദ്വാരക പ്രഭാകരൻ എന്ന് പരിചയപ്പെടുത്തിയ യുവതി പ്രധാനപ്പെട്ട ഒരു ദിവസമായതിനാലാണ് തന്റെ പേരും മറ്റ് വിവരങ്ങളും ഇന്ന് തന്നെ വെളിപ്പെടുത്തുന്നതെന്ന് പറഞ്ഞു. ഒരുപാട് ബുദ്ധിമുട്ടുകളും ചതികളും സഹിച്ചാണ് താൻ ഇവിടെ നില്‍ക്കുന്നത്. ഒരു ദിവസം ഈഴത്തിലെത്തി ജനങ്ങളെ സേവിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

12 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ വൻ രാജ്യങ്ങളുടെ പിന്തുണയില്ലാതെ ശ്രീലങ്കക്ക് എല്‍.ടി.ടി.ഇയെ നേരിടാനാവില്ലെന്ന് പറയുന്നുണ്ട്. എല്‍.ടി.ടി.ഇയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരും. വിദേശത്തുള്ള ലങ്കക്കാര്‍ ശ്രീലങ്കയിലെ അടിച്ചമര്‍ത്തപ്പെട്ട തമിഴര്‍ക്കായി പ്രവര്‍ത്തിക്കണമെന്നും അവര്‍ വിഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

സിംഹളക്കാര്‍ക്കെതിരെയല്ല തമിഴരുടെ പോരാട്ടം. തങ്ങളുടെ പോരാട്ടം ശ്രീലങ്കൻ സര്‍ക്കാറിനെതിരെയും അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കെതിരെയുമാണ്. അതേസമയം, എ.ഐ ഉപയോഗിച്ച്‌ തയാറാക്കിയതായാണ് വിഡിയോയെന്നാണ് ശ്രീലങ്കൻ സര്‍ക്കാറിന്റെ സംശയം. അന്വേഷണം ആരംഭിച്ചതായി ശ്രീലങ്ക അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *