നഗരത്തില്‍ നടുറോഡില്‍ വാഹനമോടിക്കുന്നവർ തമ്മില്‍ വഴക്കിടുന്നത് കൂടുന്നു. നഗരത്തിന്റെ വിവിധയിടങ്ങളിലായി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിരവധി സംഭവങ്ങളാണ് ഈയടുത്ത കാലങ്ങളില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഇലക്ട്രോണിക് സിറ്റിക്കടുത്ത് വെച്ച് കാറില്‍ സഞ്ചരിച്ചിരുന്ന ആറംഗ സംഘം സ്കൂള്‍ ബസ് തടയുകയും ബസിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹെബ്ബഗൊഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്കൂള്‍ കുട്ടികളുള്ള വാഹനത്തെ ആക്രമിച്ചത് രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മറ്റൊരു സംഭവത്തില്‍ എം.ജി റോഡില്‍ നടുറോഡില്‍ ബൈക്ക് യാത്രികൻ ബി.എം.ടി.സിയുടെ എയർപോർട്ടിലേക്കുള്ള വായുവജ്ര ബസ് തടഞ്ഞിരുന്നു.
ബൈക്ക് യാത്രികൻ നടുറോഡില്‍ നിർത്തി ബസ് ഡ്രൈവറുമായി വഴക്കിടുകയും തുടർന്ന് ബസിനു മുന്നില്‍ ബൈക്ക് നിർത്തുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. റോഡിലെ വഴക്കിനെത്തുടർന്ന് വാഹനമോടിച്ചിരുന്ന സ്ത്രീക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ കേസുകള്‍ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിദ്യരായനപുരയില് വഴക്കിനെത്തുടർന്ന് ബൈക്കിനെ പിന്തുടർന്ന കാറിടിച്ച് ബൈക്ക് യാത്രികൻ കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു. മനുഷ്യരുടെ വ്യക്തിപരമായ കാരണങ്ങള്‍ക്കൊപ്പം ട്രാഫിക്, ശബ്ദ മലിനീകരണം, കാലാവസ്ഥ, കോവിഡാനന്തര കാലത്തെ മനുഷ്യരുടെ മാനസിക നില, ജോലി ഭാരം തുടങ്ങിയ കാരണങ്ങളാണ് വർധിച്ചു വരുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമായി മനഃശാസ്ത്രഞ്ജർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സംഭവങ്ങള്‍ മനുഷ്യരുടെ ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും പലതരത്തില്‍ ഗുരുതരമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നല്കുന്നു.
എന്തെങ്കിലും പ്രശ്നമുണ്ടാവുകയാണെങ്കില്‍ വാഹനത്തിന്റെ നമ്ബർ ശ്രദ്ധിക്കുകയും നമ്മ ഹെല്പ് ലൈൻ നമ്ബറായ 112ല്‍ വിളിച്ചോ 112 എന്ന ആപ്പിലൂടെയോ പൊലീസിനെ അറിയിക്കുകയും പൊലീസെത്തിയതിന് ശേഷം വിവരങ്ങള്‍ നല്‍കുകയുമാണ് വേണ്ടതെന്ന് പൊലീസ് പറയുന്നു.