ആര്‍എസ്‌എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ ഒരു കാരണവശാലും എല്‍ഡിഎഫ് ഭരിക്കുന്ന ഒരു സര്‍ക്കാരില്‍ എഡിജിപി ആകാന്‍ പാടില്ല.
ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആര്‍എസ്‌എസ് ബന്ധം പാടില്ലെന്നും സിപിഐ നേതാവ് ബിനോയ് വിശ്വം. ആര്‍ എസ് എസ് ബന്ധമുളള എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് അദ്ദേഹം തുറന്നടിച്ചു.
എഡിജിപി വിഷയത്തില്‍ അന്‍വറിന് പിന്നാലെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് സിപിഐ തുടരുകയാണ്. കമ്യൂണിസ്റ്റുകാര്‍ ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് എതിര്‍ക്കുന്ന രീതിയാണ് കമ്യൂണിസ്റ്റിന്റേതെന്നും കയ്യും കാലും വെട്ടുന്നത് അതിന്റെ രീതിയല്ലെന്നും പറഞ്ഞു. പി.വി. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ രൂക്ഷവിമര്‍ശനവുമായി സിപിഎമ്മുകാര്‍ ഇന്നലെ നടത്തിയ വിവിധയിടങ്ങളിലെ പ്രകടനത്തിലെ മുദ്രാവാക്യം വിളിയെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി പരോക്ഷമായി വിമര്‍ശിച്ചത്.
പൂരം കലക്കലിലും ആര്‍എസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് എഡിജിപിക്കെതിരെ സിപിഐ നിലപാട് കടുപ്പിക്കുന്നത്. അതേസമയം പി.വി. അന്‍വറിന്റെ പരാതിയില്‍ എഡിജിപിയ്ക്ക് എതിരേ ഡിജിപി തല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അതേസമയം കഴിഞ്ഞ ദിവസം അന്‍വര്‍ നടത്തിയ ആരോപണങ്ങളും ഇടത് ബന്ധം അവസാനിപ്പിച്ചതും അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയും സിപിഐയ്ക്കുണ്ട്. എഡിജിപിയെ ഇതുവരെ സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തിയുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല.