എയര്‍ ടാക്സി യാഥാര്‍ഥ്യത്തിലേക്ക്; പൈലറ്റ് നിയമനം ഉ‌ടനെന്ന് കമ്ബനി

ദുബൈ: അടുത്ത വർഷം പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്ന എയർ ടാക്സി സർവിസിന് മുന്നോടിയായി പൈലറ്റുമാരുടെ നിയമനവും പരിശീലനവും ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച്‌ സേവന ദാതാക്കളായ ആർചർ ഏവിയേഷൻ.

അബൂദബി ആസ്ഥാനമായുള്ള ഇത്തിഹാദ് ഏവിയേഷൻ ട്രെയിനിങ്ങുമായി സഹകരിച്ചാണ് പൈലറ്റുമാരുടെ റിക്രൂട്ട്മെന്‍റും പരിശീലനവും നടത്തുക. വെർട്ടിക്കല്‍ ടേക് ഓഫ്, ലാൻഡിങ് ശേഷിയുള്ള ഇലക്ട്രിക് വിമാനങ്ങളായ മിഡ്നൈറ്റാണ് ആർച്ചർ ഏവിയേഷൻ ദുബൈയില്‍ എയർ ടാക്സി സർവിസിനായി ഉപയോഗിക്കുന്നത്.

യു.എ.ഇയില്‍ നാല് പേർക്ക് യാത്ര ചെയ്യാവുന്ന ചെറു വിമാനങ്ങളാണ് സർവിസ് നടത്തുക. ഇത് പ്രവർത്തിപ്പിക്കാൻ പ്രത്യേക പരിശീലനം ആവശ്യമാണ്. ഇത്തിഹാദ് എയർവേസ്, വിസ് എയർ, എയർ അറേബ്യ, ഫ്ലൈ ദുബൈ, ഒമാൻ എയർ ഉള്‍പ്പെടെ നിരവധി വിമാന കമ്ബനികളുടെ പൈലറ്റുമാർക്കും കാബിൻ ക്രൂകള്‍ക്കും പരിശീലനം നല്‍കിവരുന്ന സ്ഥാപനമാണ് ഇത്തിഹാദ് ഏവിയേഷൻ. ജനറല്‍ ഏവിയേഷൻ ഓഫ് അതോറിറ്റിയുടെയും (ജി.സി.എ.എ) മറ്റ് പ്രാദേശിക അതോറിറ്റികളുടെ മാർഗ നിർദേശങ്ങള്‍ അനുസരിച്ചുള്ള വിദഗ്ധോപദേശങ്ങളും മാർഗനിർദേശങ്ങളും ഇത്തിഹാദ് ഏവിയേഷൻ നല്‍കും.

യു.എ.ഇയില്‍ മിഡ്നൈറ്റ് വിമാനങ്ങള്‍ നിർമിക്കുന്നതിനും അന്താരാഷ്ട്ര തലത്തില്‍ ആസ്ഥാനം സ്ഥാപിക്കുന്നതിനും കഴിഞ്ഞ ഏപ്രിലില്‍ അബൂദബിയില്‍ നിന്നുള്ള പങ്കാളികളില്‍നിന്ന് കോടിക്കണക്കിന് ഡോളറിന്‍റെ നിക്ഷേപം ആർച്ചറിന് ലഭിച്ചിരുന്നു.

അബൂദബിയിലുടനീളമുള്ള സുപ്രധാനമായ സ്ഥലങ്ങളില്‍ വെർട്ടിപോർട്ടുകള്‍ നിർമിക്കാനും അടുത്ത വർഷം മുതല്‍ വാണിജ്യ തലത്തില്‍ എയർ ടാക്സികള്‍ പ്രവർത്തിപ്പിക്കാനും ലക്ഷ്യമിട്ടാണ് നിക്ഷേപങ്ങള്‍ ആർച്ചർ സ്വീകരിച്ചത്. എയർ ടാക്സി സർവിസ് ആരംഭിക്കുന്നതോടെ നിലവില്‍ കാറില്‍ യാത്രചെയ്യാനായി എടുക്കുന്ന 60 മുതല്‍ 90 മിനിറ്റ് വരെ സമയം 10 മുതല്‍ 20 മിനിറ്റായി ചുരുങ്ങും.

Leave a Reply

Your email address will not be published. Required fields are marked *