അവയവ ദാനത്തിനായി ഇന്ത്യക്കാരെ ഇറാനിലേക്ക് കടത്തിയ കേസില്‍ അന്വേഷണം ഊർജ്ജിതമാക്കാൻ കേരളാ പൊലീസ്. കേസില്‍ കഴിഞ്ഞയാഴ്ച നെടുമ്ബാശ്ശേരിയില്‍ നിന്ന് അറസ്റ്റിലായ തൃശൂർ വലപ്പാട് സ്വദേശി സബിത്ത് നാസറിന് അന്താരാഷ്ട്ര അവയവ റാക്കറ്റുമായി ബന്ധമുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്.
അവയവ കടത്തിനായാണ് സബിത്ത് നാസർ ടെഹ്റാനിലെ ആശുപത്രിയില്‍ ജോലി ചെയ്തുവന്നിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി സാബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നല്‍കും. കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചുകൊണ്ട് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങി.
ശനിയാഴ്ച ഇറാനില്‍ നിന്ന് വിമാനമിറങ്ങിയ സാബിത്തിനെ നെടുമ്ബാശ്ശേരിയില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ച ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ പോലീസ് ആവശ്യപ്പെടും.പ്രതി സാബിത്ത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ അന്വേഷണ സംഘം ഇന്ന് പൂർത്തിയാക്കും. തുടർന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. സബിത്ത് നാസർ ഇരയാക്കിയ പാലക്കാട് സ്വദേശി ഷെമീറിനായുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇയാളെ കണ്ടെത്തി പരാതിയില്‍ തുടർ നടപടികള്‍ എടുക്കാനാണ് തീരുമാനം. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കള്‍ ആണെന്ന് സബിത്ത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതിനിടെ, രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്കുള്ള ബന്ധത്തില്‍ കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
“ഈ റാക്കറ്റിന്റെ ഭാഗമായി എത്ര പേർ വഞ്ചിക്കപ്പെട്ടുവെന്ന് ഞങ്ങള്‍ അന്വേഷിക്കുന്നു. ഹൈദരാബാദില്‍ നിന്ന് രണ്ട് പേരെ അദ്ദേഹം ഇറാനിലേക്ക് അയച്ചിരുന്നു, അങ്ങനെ അവരുടെ വൃക്കകള്‍ എടുത്തിരുന്നു. കർണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും തട്ടിപ്പിനിരയായിട്ടുണ്ട്. അവർ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്, അവർക്ക് 5 ലക്ഷം രൂപ നല്‍കുകയും വിമാന ടിക്കറ്റ് നല്‍കുകയും ചെയ്തു, അതേസമയം ഇടനിലക്കാർ സ്വീകർത്താക്കളില്‍ നിന്ന് വൻ തുക കൈക്കലാക്കി,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതിഫലം വാങ്ങി അവയവങ്ങള്‍ ദാനം ചെയ്യുന്നത് നിയമാനുസൃതമാണെന്ന് വിശ്വസിപ്പിച്ചാണ് സാബിത്ത് ഇവരെ പ്രലോഭിപ്പിച്ചതെന്ന് പോലീസ് പറയുന്നു. “ആരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിന് ശേഷമേ ഇയാള്‍ റാക്കറ്റിലെ പ്രധാന വ്യക്തിയാണോ എന്ന് വ്യക്തമാകൂ,” അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
2019 മുതല്‍ ടെഹ്റാനിലെ ഒരു ആശുപത്രിയില്‍ അവയവ മാറ്റിവയ്ക്കല്‍ വിഭാഗത്തില്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു സാബിത്ത്. ടെഹ്റാനിലേക്ക് മാറുന്നതിന് മുമ്ബ് സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടിയ സാബിത്ത് 2017 മുതല്‍ 2019 വരെ തൃശൂർ, എറണാകുളം ജില്ലകളിലായി വിവിധ ജോലികള്‍ ചെയ്തിട്ടുണ്ട്. 2019 ജൂലൈയില്‍ 5 ലക്ഷം രൂപയ്ക്ക് സ്വന്തം വൃക്ക ദാനം ചെയ്യാൻ ശ്രീലങ്കയിലേക്ക് സാബിത്ത് പോയിരുന്നു. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഹൈദരാബാദ് സ്വദേശിയാണ് ഈ യാത്രയ്ക്ക് സാബിത്തിനെ സഹായിച്ചതെന്നാണ് വിവരം. ഇതിന് ശേഷമാണ് ഇയാള്‍ ടെഹ്റാനിലേക്ക് മാറിയത്.
ഇന്റലിജൻസ് ബ്യൂറോയുടെ നിരീക്ഷണത്തിലായിരുന്നു സാബിത്ത് വീട്ടിലേക്ക് തിരിച്ചുവരുമ്ബോഴാണ് നെടുമ്ബാശ്ശേരിയില്‍ നിന്നും പിടിയിലായത്. ഐപിസി സെക്ഷൻ 370 (മനുഷ്യക്കടത്ത്), മനുഷ്യ അവയവങ്ങള്‍ മാറ്റിവയ്ക്കല്‍ നിയമത്തിലെ സെക്ഷൻ 19 (മനുഷ്യ അവയവങ്ങളുമായുള്ള വാണിജ്യ ഇടപാടുകള്‍) എന്നിവ പ്രകാരമാണ് സാബിത്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.