മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ നടൻ ബൈജുവിനെതിരെ കേസ്.
സംഭവത്തില്‍ സ്കൂട്ടർ തകരുകയും യാത്രക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി വെള്ളയമ്ബലം ജംഗ്ഷനിലായിരുന്നു സംഭവം.
ഞായറാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെയാണ് വെള്ളയമ്ബലത്തുവെച്ച് ബൈജുവിന്റെ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് അപകടമുണ്ടായത്. ശാസ്തമംഗലം ഭാഗത്തുനിന്നാണ് ബൈജു വന്നത്. കവടിയാർ ഭാഗത്തുനിന്നാണ് സ്കൂട്ടർ യാത്രക്കാരൻ വന്നത്. പോലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ബൈജു തന്റെ വാഹനം തിരിക്കാൻ തുടങ്ങിയപ്പോഴാണ് ഇവിടെ റോഡ് നിർമാണത്തിനുവേണ്ടി തടസം സൃഷ്ടിച്ച് വഴിതിരിച്ചുവിടണമെന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നതായി മനസിലാക്കിയത്. പൊടുന്നനേ അദ്ദേഹം കാർ തിരിച്ചപ്പോള്‍ നിയന്ത്രണംവിട്ട് കാർ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
സിഗ്നല്‍ പോസ്റ്റിലിടിച്ച ശേഷം വീണ്ടും മറ്റൊരു പോസ്റ്റിലിടിച്ചശേഷമാണ് ബൈജുവിന്റെ വാഹനം നിന്നത്. പരിക്കേറ്റയാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാത്രി വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തസാമ്ബിള്‍ നല്കാൻ താരം വിസമ്മതിച്ചു. തുടർന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നുംകാട്ടി ഡോക്ടർ പോലീസിന് റിപ്പോർട്ട് നല്‍കുകയായിരുന്നു.
മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ചതിന് മ്യൂസിയം പോലീസ് ബൈജുവിനെതിരെ കേസെടുത്തു. പരിക്കേറ്റയാള്‍ ഇപ്പോള്‍ പരാതി നല്കാത്തതിനാല് പോലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്.