കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണവുമായി ബന്ധപ്പെട്ട തടസ്സങ്ങളും പ്രശ്നങ്ങളും അടിയന്തരമായി പരിഹരിക്കാനും പ്രവർത്തനം ഏകോപിപ്പിക്കാനും ഏഴ് വകുപ്പുകളുടെ സംയുക്ത കമ്മിറ്റിക്ക് രൂപംനല്‍കി.
പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, പൊലീസ്, തൃക്കാക്കര നഗരസഭ സെക്രട്ടറി, ആർ.ടി.ഒ, കൊച്ചി മെട്രോ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.
കമ്മിറ്റിയുടെ ആദ്യയോഗം വ്യാഴാഴ്ച ചേരും. കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്നതാണ് രണ്ടാംഘട്ട മെട്രോ നിർമാണം. മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.
നിർമാണവുമായി ബന്ധപ്പെട്ട് പാലാരിവട്ടം-കാക്കനാട് റൂട്ടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മുൻഗണന നല്‍കും. റോഡിന് വീതികൂട്ടല്‍ പുരോഗമിക്കുകയാണ്. ചെമ്ബുമുക്ക്-കുന്നുംപുറം റോഡ്, സീപോർട്ട്-എയർ പോർട്ട് റോഡിലെ ഡി.എല്‍.എഫിന് മുന്നിലെ റോഡ്, പാർക്ക് ഹോട്ടലിനു മുന്നിലെ റോഡിന്റെ അറ്റകുറ്റപ്പണി എന്നിവ രണ്ടാഴ്ചക്കകം പൂർത്തിയാക്കും. സീപോർട്ട്-എയർപോർട്ട് റോഡിലെ രണ്ടര കിലോമീറ്റർ ഒക്ടോബർ 15ന് പൂർത്തിയാക്കും. ഡി.എല്‍.എഫ് ഫ്ലാറ്റിനു മുന്നിലുള്ള റോഡ് ടാർ ചെയ്ത് രണ്ടാഴ്ചക്കകം തുറന്നുകൊടുക്കും. കൈയേറ്റവും അനധികൃത പാർക്കിങ്ങും ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കും. ഇതിനായി സംയുക്ത പരിശോധന നടത്താനും മന്ത്രി നിർദേശിച്ചു. ഇടറോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് തൃക്കാക്കര നഗരസഭയും മുൻകൈയെടുക്കണമെന്ന് മന്ത്രി നിർദേശിച്ചു.
കൊച്ചി മെട്രോ സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് ചെമ്ബുമുക്ക് സെന്റ് മൈക്കിള്‍സ് പള്ളി പ്രതിനിധികളുടെ പ്രശ്നങ്ങളും യോഗം അവലോകനം ചെയ്തു. പള്ളിയിലെത്തുന്ന വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ മുന്നോട്ട് പോകാൻ മന്ത്രി നിർദേശിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാനാണ് കമ്മിറ്റി രൂപവത്കരിച്ചത്. മൂന്നുദിവസം കൂടുമ്ബോള്‍ കമ്മിറ്റി യോഗം ചേർന്ന് പരിഹാരം കാണണം.
കെ.എസ്.ഇ.ബി തൃപ്പൂണിത്തുറ എക്സി. എർജിനീയ൪, വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് അസി. എക്സി. എൻജിനീയർ, അസി. കമീഷണർ ഓഫ് പൊലീസ്, ജോയന്റ് ആർ.ടി.ഒ എന്നിവർ വിവിധ വകുപ്പികളില്‍നിന്ന് പങ്കെടുത്തു.
ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എല്‍.എല്‍, കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റ, തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള, കലക്ടർ എൻ.എസ്.കെ. ഉമേഷ്, തൃക്കാക്കര നഗരസഭയിലെ ജനപ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.