ഉദ്ഘാടനം ചെയ്യപ്പെട്ടതിനുശേഷം യാത്രക്കാരുടെ എണ്ണത്തില്‍ അനുദിനം വര്‍ധനയുണ്ടായ കണ്ണൂര്‍ വിമാനത്താവളത്തോട് കേന്ദ്ര സര്‍ക്കാരിന്റെ അവഗണന തുടരുന്നു.
തുടക്കത്തില്‍ യാത്രക്കാരാല്‍ തിരക്കേറിയ വിമാനത്താവളം ഇന്ന് ആളൊഴിഞ്ഞ അവസ്ഥയിലേക്ക് മാറിയത് കേന്ദ്ര സര്‍ക്കാരിന്റെ നയംമൂലമാണ്. വിദേശ വിമാനക്കമ്ബനികളെ അനുവദിക്കാതെ ഒരിക്കല്‍ക്കൂടി കണ്ണൂരിനെ കേന്ദ്രം അവഗണിച്ചിരിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ആരോപിച്ചു.
വിമാനത്താവളത്തെ സംബന്ധിച്ച് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിചിത്ര ന്യായവാദങ്ങളാണ് കേന്ദ്രം ഉയര്‍ത്തുന്നതെന്ന് ബ്രിട്ടാസ് പറയുന്നു. ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് പോയിന്റ് ഓഫ് കാള്‍ പദവി ഇല്ലാതിരുന്നിട്ടു കൂടി പുതിയ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുവാന്‍ ഒമാന്‍ എയറിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു.
ഗോവയിലെ മറ്റൊരു വിമാനത്താവളമായ ദാബോലിം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും നടത്തിവന്നിരുന്ന സര്‍വീസുകള്‍ ആണ് ഇപ്പോള്‍ മോപ്പയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് മാറ്റി നടത്തുവാന്‍ ഒമാന്‍ എയറിന് അനുമതി നല്‍കിയിരിക്കുന്നത്. സമാനരീതിയില്‍ എത്തിഹാദ് എയര്‍ലൈന്‍സ് നേരത്തെ ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും നടത്തിവന്നിരുന്ന സര്‍വീസുകള്‍ കണ്ണൂരിലേക്ക് മാറ്റുവാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കേന്ദ്ര ഗവണ്‍മെന്റ് നിരസിച്ചിക്കുകയായിരുന്നു. ഗോവയിലേതുപോലെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളെങ്കിലും കണ്ണൂരിലേക്ക് മാറ്റുവാനുള്ള അനുമതി വിദേശ വിമാന സര്‍വീസ് കമ്ബനികള്‍ക്ക് നല്‍കുമോ എന്നായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടുള്ള ചോദ്യം.
എന്നാല്‍, ഇതിന് അനുവദിക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഒമാനുമായുള്ള ബൈലാറ്ററല്‍ എയര്‍ സര്‍വീസസ് എഗ്രിമെന്റ് പ്രകാരം ഗോവ എന്ന സംസ്ഥാനത്തിന് മൊത്തത്തിലാണ് പോയിന്റ് ഓഫ് കാള്‍ പദവി നല്‍കിയിരിക്കുന്നതെന്നും അതിനാല്‍ ഗോവയിലെ ഏത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിദേശ വിമാന കമ്ബനികള്‍ക്ക് ഇഷ്ടമുള്ള പ്രകാരം സര്‍വീസുകള്‍ മാറ്റി നടത്താമെന്നും കേന്ദ്രം പറഞ്ഞു. കേരളത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് പ്രത്യേകമായി പോയിന്റ് ഓഫ് കാള്‍ പദവി നല്‍കിയിട്ടില്ലാത്തതിനാല്‍ വിദേശ വിമാന കമ്ബനികള്‍ക്ക് സര്‍വീസുകള്‍ മാറ്റി നടത്തുവാന്‍ അനുമതി നല്‍കുവാനാകില്ലെന്നുമാണ് മറുപടി. ഇത് പക്ഷപാതപരമാണെന്ന് ബ്രിട്ടാസ് പറയുന്നു.
കേരളത്തിനോട് പൊതുവിലും കണ്ണൂര്‍ വിമാനത്താവളത്തിനോട് പ്രത്യേകിച്ചും കേന്ദ്രം പുലര്‍ത്തുന്ന ചിറ്റമ്മ നയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇതെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഈ നിഷേധ നിലപാട് തിരുത്തി വിദേശ വിമാന കമ്ബനികള്‍ക്കും കണ്ണൂരില്‍ നിന്നും സര്‍വീസ് തുടങ്ങാന്‍ അനുമതി നല്‍കണമെന്നും അപ്രകാരം വിമാനത്താവളത്തിന്റെ നിലനില്‍ലും വികസനവും യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കാനുള്ള സൗകര്യവും ഉറപ്പ് വരുത്തണമെന്നും എംപി ആവശ്യപ്പെട്ടു.
കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാള്‍ പദവി ലഭിക്കാതെ വിദേശ വിമാനക്കമ്ബനികളെ അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. കേരള സര്‍ക്കാര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിട്ടും പോയിന്റ് ഓഫ് കാള്‍ പദവി നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. ഇതോടെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കണ്ണൂരില്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു. യാത്രക്കാര്‍ കൈവിട്ടതോടെ വിമാനത്താവളത്തിന്റെ ദൈനംദിന നടത്തിപ്പ് പോലും നഷ്ടത്തിലാണ്. സംസ്ഥാനത്തെ ബിജെപി നേതാക്കളോ കേന്ദ്ര മന്ത്രിമാരോ ഇക്കാര്യത്തില്‍ യാതൊരു താത്പര്യവും കാണിക്കാത്തതും പ്രവാസികളെ ദുരിതത്തിലാക്കുന്നു.