നാളെ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എഐഎസ്‌എഫ്

ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാര്‍ വേദിയിലേക്ക് മാര്‍ച്ച്‌ നടത്തിയ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന് ആരോപിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എഐവൈഎഫ്.

പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സെമിനാറിനെത്തിയ ഗവര്‍ണര്‍ക്കെതിരെ എസ്‌എഫ്‌ഐ- എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

അതേസമയം, തനിക്കെതിരെ പ്രതിഷേധിക്കുന്നത് വിദ്യാര്‍ഥികള്‍ അല്ല, എസ്‌എഫ്‌ഐ ഗുണ്ടാകളാണെന്ന് ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇവരെ പറഞ്ഞുവിടുന്നത് മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റിയില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

കോഴിക്കോട്ടെ തെരുവുകളില്‍ രണ്ടുമണിക്കൂര്‍ നേരം ചെലവഴിച്ച തനിക്കെതിരെ ഒരു ചെറിയ പ്രതിഷേധം പോലും എവിടെയും ഉണ്ടായില്ല. ഇവിടെ മാത്രം പ്രതിഷേധിക്കുന്ന 200 ഓളം വരുന്ന എസ്‌എഫ്‌ഐക്കാര്‍ ക്രിമിനലുകളും ഗുണ്ടകളുമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അതിനിടെ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഗവണര്‍ കടക്ക് പുറത്ത് എന്നുപറയുകയും ചെയ്തു.

ഗവര്‍ണര്‍ താമസിച്ച ഗസ്റ്റ് ഹൗസിലേക്ക് ബാരിക്കേട് മറികടന്ന് അകത്തുകയറാന്‍ ശ്രമിച്ച രണ്ട് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്യാമ്ബസിന്റെ വിവിധ ഭാഗങ്ങളിലൂടെ കയറാനും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും അവരെ പൊലീസ് തടഞ്ഞു. ഇതിനിടെ പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായി. രണ്ടായിരത്തിലേറെ പൊലീസുകാരെയാണ് ഗവര്‍ണറുടെ സുരക്ഷയ്ക്കായി സര്‍വകലാശാല ക്യാമ്ബസില്‍ നിയോഗിച്ചത്.

അതേസമയം, ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ നിന്ന് വൈസ് ചാന്‍സലര്‍ എംകെ ജയരാജ് പങ്കെടുത്തില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത ചിദാനന്ദ പുരിയാണ് സെമിനാറില്‍ അധ്യക്ഷനായത്.

Leave a Reply

Your email address will not be published. Required fields are marked *