മുഖ്യമന്ത്രി നാട്ടുകാരനായതില്‍ ലജ്ജിക്കുന്നുവെന്ന് കെ സുധാകരൻ

ഇനി കെ എസ് യു,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയാല്‍ തിരിച്ചടിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ.

പ്രതിഷേധം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി തന്റെ നാട്ടുകാരനായതില്‍ ലജ്ജിക്കുന്നുവെന്നും ഇടുക്കിയില്‍ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ഏത് മന്ത്രിയുടെയും ഭരണകൂടത്തിന്റെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ട്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാൻ അവകാശമില്ലെങ്കില്‍ എന്ത് ജനാധിപത്യമാണ് ഇവിടെയുള്ളത്. മുഖ്യമന്ത്രിയെ വടികൊണ്ട് അടിക്കാൻ പോയോ, അല്ലെങ്കില്‍ കല്ലെറിയാൻ പോയോ?. കരിങ്കൊടി കാണിക്കുന്നതില്‍ സിപിഎമ്മിന്റെ ആള്‍ക്കാര്‍ ഇങ്ങനെ പരാക്രമം കാണിക്കുന്നത് എന്തിനാണ്?.പ്രതിഷേധിക്കാൻ പാടില്ലെങ്കില്‍ കേരളം പിണറായി വിജയന്റെ ഏകാധിപത്യ രാജ്യമായി പ്രഖ്യാപിക്കണം’- സുധാകരൻ പറഞ്ഞു.

അതേസമയം, നവകേരള സദസിനെതിരെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ തല്ലിയ മുഖ്യമന്ത്രിയുടെ അംഗ രക്ഷകന്റെയും പൊലീസിന്റെയും നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം ഇരുപതിന് കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും മാര്‍ച്ചുനടത്തും. കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, മഹിളാ കോണ്‍ഗ്രസ്, മറ്റു പോഷകസംഘടനകള്‍ എന്നിവയുടെ നേതാക്കളും പ്രവര്‍ത്തകരും ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് കെ പി സി സി പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *