കോഴിക്കോട് ജില്ലയില്‍ കോവിഡും പകര്‍ച്ചവ്യാധികളും വര്‍ധിക്കുന്നു

കോഴിക്കോട് ജില്ലയില്‍ വീണ്ടും കോവിഡും മറ്റ് പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച കുന്നുമ്മല്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ല വീണ്ടും കോവിഡ് വ്യാപന ഭീതിയിലായി.

മറ്റു പകര്‍ച്ചവ്യാധികളുമായി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടുന്നതായി അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് കൂടാതെ എച്ച്‌ 1 എൻ 1, മഞ്ഞപ്പിത്തം, ന്യൂമോണിയ, ഇൻഫ്ലുവൻസ ഉള്‍പ്പെടെ ബാധിച്ച്‌ എണ്‍പതോളം പേരാണ് ചികിത്സയിലുള്ളത്. ഡെങ്കിപ്പനി ബാധിച്ച്‌ ഏഴുപേരും എലിപ്പനി ബാധിച്ച്‌ മൂന്നു പേരെയും ശനിയാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആഴ്ചയില്‍ 30-40 പേരാണ് മഞ്ഞപ്പിത്തം പിടിപെട്ട് ചികിത്സക്ക് എത്തുന്നത്. അതിനിടെ ഷിഗല്ല ബാധിച്ച്‌ പനങ്ങാട് പഞ്ചായത്തിലെ ആറു വയസ്സുകാരനും മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സ തേടി.

എല്ലാ സര്‍ക്കാര്‍ ആശുപത്രികളോടും കോവിഡ് ചികിത്സക്ക് തയാറായിരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ആശുപത്രികളിലെ ബെഡ്, ഐ.സി.യു, വെന്റിലേറ്റര്‍, പി.പി.ഇ കിറ്റ്, കോവിഡ് രോഗികള്‍ക്ക് ആവശ്യമായി വരുന്ന മരുന്ന് തുടങ്ങിയവയുടെ തല്‍സ്ഥിതി പരിശോധിക്കുന്നതിനുള്ള ഗൂഗ്ള്‍ ഫോമും എല്ലാ ആശുപത്രികള്‍ക്കും എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും നല്‍കിയിട്ടുണ്ട്. തലവേദന, ചെറിയ തോതില്‍ പനി, ശരീരവേദന തുടങ്ങിയവയാണ് കോവിഡിന്‍റെ ലക്ഷണങ്ങള്‍. രോഗലക്ഷണമുള്ളവര്‍ ഉടനെ ചികിത്സ തേടണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *