സുന്ദരിയമ്മ കൊലപാതകക്കേസില്‍ കുറ്റമുക്തനായ യുവാവിനെ പോക്‌സോ കേസിലും വെറുതെ വിട്ടു

വിവാദമായ സുന്ദരിയമ്മ വധക്കേസ് പ്രതിയെ പോക്സോ കേസിലും കോടതി വെറുതെ വിട്ടു. കല്ലായി നാല്‍പ്പാലം നെടുംപുരക്കല്‍ ജയേഷിനെയാണ് (38) കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി രാജീവ് ജയരാജ് വെറുതെ വിട്ടത്.

പോക്സോ കേസില്‍ മതിയായ ജാമ്യക്കാരില്ലാത്തതിനാല്‍ 2022 സെപ്റ്റംബർ 23 മുതല്‍ റിമാൻഡില്‍ കഴിയുന്ന അനാഥനായ യുവാവിനെ മതിയായ തെളിവുകളില്ലെന്ന് കണ്ടാണ് വിട്ടയച്ചത്. കോഴിക്കോട് നഗര പരിധിയിലെ സ്‌കൂള്‍ വളപ്പില്‍ വിദ്യാര്‍ഥിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്.

സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ജയേഷിനെ പ്രതിയാക്കിയത്.

എന്നാല്‍, പ്രതിയാണെന്ന് തെളിയിക്കാൻ പൊലീസിനായില്ല. വിരോധം വെച്ച്‌ പൊലീസ് കള്ളക്കേസ് എടുത്തുവെന്ന, പ്രതിക്കായി ഹാജരായ ചീഫ് ഡിഫൻസ് കൗണ്‍സല്‍ അഡ്വ. പി.പീതാംബരൻ, ഡെപ്യൂട്ടി ഡിഫൻസ് കൗണ്‍സല്‍ അഡ്വ. മിനി.പി എന്നിവരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒറ്റക്ക് താമസിച്ചിരുന്ന സുന്ദരിയമ്മയെന്ന വയോധികയെ 2012 ജൂലൈ 21ന് രാത്രി ഒന്നിന് വീട്ടില്‍ കയറി വെട്ടിക്കൊന്നുവെന്ന കേസില്‍ ജയേഷിനെ 2014ല്‍ പ്രത്യേക അഡീഷനല്‍ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ വെറുതെ വിട്ടിരുന്നു.

ആരാണ് കൊല നടത്തിയതെന്ന് വ്യക്തമാവാത്ത കേസില്‍, ജയേഷിനെ പൊലീസ് പ്രതിയാക്കിയെന്നായിരുന്നു കണ്ടെത്തല്‍. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സി.ഐ ഇ.പി. പൃഥ്വിരാജില്‍നിന്ന് ഒരുലക്ഷം രൂപ ഈടാക്കി ജയേഷിന് നല്‍കണമെന്ന് അന്ന് കോടതി നിർദേശിച്ചിരുന്നു. ആദ്യം കേസന്വേഷിച്ച കസബ സി.ഐ പി. പ്രമോദ് എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും കോടതി ഡി.ജി.പി.ക്ക് നിർദേശം നല്‍കി.

ഉദ്യോഗസ്ഥർക്കെതിരായ നടപടികള്‍ പിന്നീട് ഹൈകോടതി ഒഴിവാക്കി. കേസില്‍ അന്വേഷണം നടത്തി യഥാർഥ പ്രതിയെ കണ്ടെത്തണമെന്ന് അന്ന് കോടതി എസ്.പിക്ക് നിർദേശം നല്‍കിയതും വലിയ വാർത്തയായിരുന്നു. തുടർന്നാണ് ജയേഷിനെ 2022ലെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പോക്സോ കേസില്‍ പ്രതിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *