സഹായിക്കണം! സ്ത്രീകള്‍ക്ക് മുന്നില്‍ പൊട്ടി കരഞ്ഞ് കിം ജോണ്‍ ഉൻ

ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ കൊണ്ട് കുപ്രസിദ്ധി നേടിയയാളാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി വിശ്വസിക്കാൻ അല്പം പ്രയാസമുള്ള കിമ്മിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സ്വേച്ഛാധിപതി കിം ജോങ് ഉൻ കരയുന്നതും കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നതും വീഡിയോയില്‍ കാണാം. കൂടുതല്‍ കുട്ടികളുണ്ടാകാൻ ഉത്തരകൊറിയയിലെ സ്ത്രീകളോട് അഭ്യര്‍ത്ഥിക്കുന്നതിനിടയിലാണ് കിം പൊട്ടിക്കരഞ്ഞതെന്ന് പറയപ്പെടുന്നു.

ഉത്തരകൊറിയയിലെ ജനനനിരക്ക് കുറയുന്ന സാഹചര്യത്തില്‍, കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാൻ കിം തന്റെ രാജ്യത്തെ സ്ത്രീകളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ‘ദേശ ശക്തി’ ശക്തിപ്പെടുത്താൻ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണമെന്ന് കിം ഉത്തരകൊറിയൻ സ്ത്രീകളോട് ആവശ്യപ്പെട്ടു.

തലസ്ഥാനമായ പ്യോങ്‌യാങ്ങില്‍ നടന്ന ഒരു വനിതാ പരിപാടിയില്‍ കിം ജോങ് ഉൻ കരയുന്നതും വെളുത്ത തൂവാല കൊണ്ട് കണ്ണുകള്‍ തുടയ്‌ക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ കാണാം.’ജനനനിരക്ക് കുറയുന്നത് തടയുക, കുട്ടികളെ നന്നായി പരിപാലിക്കുക, അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നിവ നമ്മുടെ അമ്മമാരുമായി ചേര്‍ന്ന് പരിഹരിക്കേണ്ട കുടുംബ പ്രശ്‌നങ്ങളാണ്’ എന്ന് പരിപാടിക്കിടെ കിം പറഞ്ഞതായി മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ ദശകങ്ങളില്‍ ഉത്തരകൊറിയയുടെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞതായി യുഎൻ കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്തരകൊറിയയെപ്പോലെ, അയല്‍രാജ്യമായ ദക്ഷിണകൊറിയയും ജനനനിരക്കില്‍ വൻ ഇടിവാണ് നേരിടുന്നത്. ദക്ഷിണ കൊറിയയുടെ ഫെര്‍ട്ടിലിറ്റി നിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്നതാണ്. ഹൈസ്കൂള്‍ ഫീസ്, കുട്ടികളെ പരിപാലിക്കാനുള്ള കഴിവില്ലായ്മ, പുരുഷ കേന്ദ്രീകൃത കോര്‍പ്പറേറ്റ് സമൂഹം എന്നിവയാണ് ജനനനിരക്ക് കുറയാനുള്ള പ്രധാന കാരണങ്ങള്‍.

1970-1980 കളില്‍, യുദ്ധാനന്തരം ജനസംഖ്യാ വളര്‍ച്ച മന്ദഗതിയിലാക്കാൻ ഉത്തര കൊറിയ ജനന നിയന്ത്രണ പദ്ധതികള്‍ നടപ്പാക്കി. എന്നാല്‍ 1990-കളുടെ മധ്യത്തില്‍ ഒരു ക്ഷാമം ഉണ്ടായി, അതില്‍ ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചു. ഇക്കാരണത്താല്‍, ഉത്തര കൊറിയയിലെ ജനസംഖ്യ കുറയാൻ തുടങ്ങി. 2034ഓടെ ഉത്തരകൊറിയയിലെ ജനസംഖ്യ ഇനിയും കുറയുമെന്നാണ് ഹ്യൂണ്ടായ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്. 2070 ആകുമ്ബോഴേക്കും ഉത്തരകൊറിയയിലെ ജനസംഖ്യ 23.7 ദശലക്ഷമായി കുറയുമെന്ന് കണക്കാക്കപ്പെടുന്നു. 2021ലെ കണക്കുകള്‍ പ്രകാരം ഉത്തര കൊറിയയുടെ ജനസംഖ്യ 26 ദശലക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *