പി.സി. ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണം; ഡി.ജി.പിക്ക് പരാതി നല്‍കി വെല്‍ഫെയര്‍ പാര്‍ട്ടി

ജനം ടി.വിയിലെ ചർച്ചക്കിടയില്‍ ബി.ജെ.പി നേതാവ് പി.സി. ജോർജ് നടത്തിയ വർഗീയ പരാമർശങ്ങള്‍ക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി വെല്‍ഫെയർ പാർട്ടി.

മുസ്ലിം വിഭാഗത്തെ ഒന്നടങ്കം വർഗീയ വാദികള്‍ എന്ന് വിളിക്കുകയും പാകിസ്താനിലേക്ക് പോകാൻ ആക്രോശിക്കുകയും ചെയ്യുന്ന ജോർജ് ഇന്ത്യൻ മതേതര സമൂഹത്തിന് തീരാകളങ്കമായി മാറുകയാണ് പാർട്ടി വ്യക്തമാക്കി.

ആദ്യമായല്ല വിഭാഗീയത ഉണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുന്നത് എന്നുള്ളത് ഏറെ ഗൗരവത്തില്‍ സമൂഹം പരിഗണിക്കേണ്ട വിഷയമാണ്. കേരളത്തിന്റെ മത സൗഹാർദ നിലപാടില്‍ വിള്ളല്‍ വരുത്തുന്നതിലൂടെ ലഭിക്കുന്ന രാഷ്ട്രീയ ലാഭം മുൻ നിർത്തിയുള്ള ബി.ജെ.പിയുടെ നീക്കങ്ങളുടെ ഭാഗം തന്നെയാണ് ഈ പ്രസ്താവനകളും. സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കുന്ന തരത്തിലുള്ള വർഗീയ പരാമർശങ്ങള്‍ നടത്തുന്നവർക്കെതിരെ സംസ്ഥാന സർക്കാറും പൊലീസും സ്വീകരിച്ചു പോരുന്ന നിസ്സംഗത ഈ വിഷയത്തിലും തുടരുകയാണ്.

പി.സി. ജോർജിനെതിരെയുള്ള പരാതികളിന്മേല്‍ ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കാൻ പൊലീസ് തയാറാകണം. മുമ്ബും വർഗീയ വിഷം ചീറ്റിയ വിഷയങ്ങളില്‍ നല്‍കപ്പെട്ട പരാതികളിന്മേലും കർശന നടപടികള്‍ സ്വീകരിക്കാനും പൊലീസ് തയാറകണം. വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്ന സംഘടനകള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും കേരളീയ സമൂഹം ശക്തമായി പ്രതികരിക്കാൻ തയാറാകണമെന്നും വെല്‍ഫെയർ പാർട്ടി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *