ആന ഇടഞ്ഞാല്‍ ഉത്തരവാദി കമ്മിറ്റിക്കാര്‍

ഉത്സവകാലം കൊട്ടിക്കയറിയതോടെ ആന എഴുന്നള്ളിപ്പുകള്‍ക്കുള്ള നിബന്ധനകളും മാര്‍ഗനിര്‍ദ്ദേശങ്ങളും കടുപ്പിച്ച്‌, ജില്ലാതല നിരീക്ഷണ സമിതി.

ആന ഇടഞ്ഞാല്‍ സംഭവിക്കുന്ന നഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനും ഉത്തരവാദിത്തം ഉത്സവക്കമ്മിറ്റിക്കായിരിക്കും. നിബന്ധനകളില്‍ ഇത് വ്യക്തമായി കാണിക്കണമെന്നും കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ, കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. നിബന്ധനകള്‍ തയ്യാറാക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആനകളെ പ്രകോപിപ്പിക്കുന്ന നടപടിയുണ്ടാകരുത്. ഇത് സംബന്ധിച്ച്‌ ശക്തമായ നിബന്ധനകളും നിര്‍ദ്ദേശങ്ങളും കമ്മിറ്റിക്കാര്‍ക്ക് നല്‍കണം. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിബന്ധന ഉത്സവകമ്മിറ്റിക്കാരില്‍ നിന്നും അപേക്ഷകള്‍ ലഭിക്കുന്ന സമയത്ത് തന്നെ ഒപ്പ് രേഖപ്പെടുത്തി സമാഹരിക്കും. പുതിയ ഉത്സവങ്ങള്‍ക്കോ നിലവിലെ ഉത്സവങ്ങളില്‍ ആനകളുടെ എണ്ണം കൂട്ടുന്നതിനോ അനുമതി നല്‍കില്ല. എലിഫെന്റ് സ്‌ക്വാഡില്‍ വെറ്ററിനറി ഡോക്ടറുടെ സേവനവും ഡാറ്റാബുക്ക്, ഇൻഷ്വറൻസ് സര്‍ട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തണം. ആനപ്പുറത്തിരുന്ന് പൂത്തിരി കത്തിക്കാനോ ലേസര്‍ ലൈറ്റ് പോലെ പ്രകോപനമുണ്ടാക്കുന്നവ ഉപയോഗിക്കാനോ പാടില്ല.

എല്ലാം ചട്ടപ്രകാരം

2012ലെ കേരള നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള നിബന്ധനകള്‍ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി അവതരിപ്പിച്ചു. പകല്‍ 11നും 3.30നും ഇടയില്‍ ആനയെഴുന്നള്ളിപ്പ് പാടില്ലെന്നും ഈ നിര്‍ദ്ദേശത്തിലുണ്ട്. 11 നും മൂന്നിനും ഇടയില്‍ ആനകളെ നടത്തിയോ വാഹനത്തിലോ കൊണ്ടുപോകാനും പാടില്ല. ആനകളില്‍ നിന്ന് കുറഞ്ഞത് മൂന്ന് മീറ്റര്‍ അകലത്തിലേ ആളുകളെ നിറുത്താവൂ. അകലം പാലിക്കാൻ ബാരിക്കേഡ് ഒരുക്കണം. ഉത്സവക്കമ്മിറ്റിക്കാണ് ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം.

കടുപ്പിക്കാൻ ആനപ്രതിസന്ധിയും

ആനകളെ കേരളത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് തിരിച്ചടിയാകും
കൂടുതലായി ആനകള്‍ ചരിയുന്നതിനാല്‍ എഴുന്നള്ളിപ്പ് നടത്തിപ്പും പ്രയാസകരം
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആനയെ കൊണ്ടുവരാനുള്ള ചട്ടങ്ങള്‍ക്കും രൂപമായില്ല
ആനകളുടെ എണ്ണം കുറയുമ്ബോള്‍ ഉത്സവങ്ങളുടെ എണ്ണം കൂടുന്നു
ആനകളുടെ ജോലി ഭാരം വര്‍ദ്ധിക്കുന്നത് അപകടസാദ്ധ്യത കൂട്ടുന്നു

കഴിഞ്ഞവര്‍ഷം ആനയെഴുന്നള്ളിപ്പിനായി അപേക്ഷ സമര്‍പ്പിച്ചിരുന്ന എല്ലാ കമ്മിറ്റികള്‍ക്കും നിബന്ധനകളുടെ പകര്‍പ്പ് സഹിതം കത്ത് നല്‍കാം. നിബന്ധനകള്‍ പാലിച്ചെങ്കില്‍ മാത്രമേ ഈ വര്‍ഷം ആനയെഴുന്നെള്ളിപ്പിന് അനുവാദം നല്‍കൂവെന്ന് മുൻകൂട്ടി അറിയിക്കുന്നത് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *