ബില്ലുകള്‍ പിടിച്ചുവയ്ക്കാനാവില്ലെന്ന് പഞ്ചാബ് ഗവര്‍ണറുടെ കേസില്‍ വിധിച്ചത് കേരളത്തിനും ബാധകമെന്ന തരത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക പരാമര്‍ശം.
ഇത് ആരിഫ് മുഹമ്മദ് ഖാനുള്ള കൃത്യമായ സന്ദേശമെന്നാണ് വിലയിരുത്തല്‍. ഗവര്‍ണര്‍ക്ക് ഉടൻ തീരുമാനമെടുക്കേണ്ടി വരും.
പഞ്ചാബിനുള്ള വിധി ഔദ്യോഗിക വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഗവര്‍ണറുടെ അഡിഷണല്‍ ചീഫ് സെക്രട്ടറി ഇതു വായിക്കണം. ഇക്കാര്യമറിയിക്കാൻ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിയെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചുമതലപ്പെടുത്തുകയും ചെയ്തു. മറുപടി അടുത്ത ബുധനാഴ്ച് കേസ് വീണ്ടും പരിഗണിക്കുമ്ബോള്‍ വേണം.
ബില്ലില്‍ ഒപ്പിടാൻ വയ്യെങ്കില്‍ തിരിച്ചയയ്ക്കണമെന്നും, ഗവര്‍ണര്‍ക്ക് സഭയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനാവില്ലെന്നുമാണ് പഞ്ചാബ് കേസില്‍ വ്യാഴാഴ്ച വിധിച്ചത്. ഗവര്‍ണര്‍ പ്രതീതാത്മക തലവൻ മാത്രമാണെന്നും ഓര്‍മിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഗവര്‍ണറെ കക്ഷിയാക്കിയെങ്കിലും അഡിഷണല്‍ ചീഫ് സെക്രട്ടറിക്കായിരുന്നു നോട്ടീസ്.
എല്ലാ ഗവര്‍ണര്‍മാര്‍ക്കും
വിധി ബാധകം
ഉത്തരവ് രാജ്യത്തെ മുഴുവൻ ഗവര്‍ണര്‍മാര്‍ക്കുമുള്ള സന്ദേശമാണ്. കേരള ഗവര്‍ണര്‍ക്ക് മറിച്ചൊരു നിലപാട് സാദ്ധ്യമല്ലെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്. ഭരണഘടനയിലെ അനുച്ഛേദം 200 പ്രകാരം ബില്ലുകളില്‍ മൂന്നു നടപടികളാണ് ഗവര്‍ണര്‍ക്ക് കഴിയുക. ബില്‍ അംഗീകരിക്കലോ കൈവശം വയ്ക്കലോ, തിരിച്ചയയ്ക്കല്‍, രാഷ്ട്രപതിക്ക് അയയ്ക്കല്‍. ഇതില്‍ കൈവശം വയ്ക്കുന്നതിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയിരിക്കുന്നത്.
16 ബില്ലുകളില്‍
തീരുമാനമില്ല
രണ്ട് വര്‍ഷം പിന്നിട്ട മൂന്ന് ബില്ലുകള്‍ അടക്കം എട്ടെണ്ണത്തിന്റെ കാര്യമാണ് ഹര്‍ജിയില്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, 16 ബില്ലുകള്‍ പിടിച്ചുവച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചു. ഭൂപതിവ് ഭേദഗതി ബില്‍, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍, ധനവിനിയോഗ ബില്‍ തുടങ്ങി പുതുതായി പാസാക്കിയ എട്ട് ബില്ലുകളുടെ വിവരവും കൈമാറി. മുഖ്യമന്ത്രിയും, മൂന്ന് മന്ത്രിമാരും ഗവര്‍ണറെ നേരില്‍ കണ്ടിരുന്നെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ കെ.കെ. വേണുഗോപാല്‍ ബോധിപ്പിച്ചു.