അജിത്‌കുമാറും ആര്‍എസ്‌എസ് നേതാവുമായുള്ള കൂടിക്കാഴ്‌ച‌യില്‍ ദുരൂഹത; കോവളത്ത് നടന്ന ചര്‍ച്ചയില്‍ രണ്ട് ബിസിനസുകാരും

എഡിജിപി അജിത്‌കുമാറും ആർഎസ്‌എസ് നേതാവ് റാം മാധവും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ ദുരൂഹത. കോവളത്ത് നടന്ന ചർച്ചയില്‍ ബിസിനസുകാർ ഉള്‍പ്പെടെ പങ്കെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞ വർഷം അവസാനമാണ് കോവളത്തെ ഹോട്ടലില്‍ വച്ച്‌ കൂടിക്കാഴ്‌ച നടന്നത്. എന്നാല്‍, തന്റെ സുഹൃത്തായ ആർഎസ്‌എസ് നേതാവ് ജയകുമാറിനൊപ്പം ചർച്ച നടത്തിയപ്പോള്‍ മറ്റ് രണ്ടുപേർ കൂടിയുണ്ടായിരുന്നു എന്നാണ് അജിത്‌കുമാർ പറഞ്ഞത്. അതിലൊന്ന് ചെന്നൈയില്‍ ബിസിനസ് നടത്തുന്ന മലയാളിയാണ്. കണ്ണൂർ സ്വദേശിയാണിയാള്‍. മറ്റൊരാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവർ നടത്തിയ ചർച്ചയുടെ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേമയം, വിഷയത്തില്‍ തല്‍ക്കാലം പ്രതികരിക്കാനില്ലെന്നാണ് റാം മാധവ് പറഞ്ഞത്.

രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവാ മെഡലിനുവേണ്ടി നാലുതവണ അജിത്‌കുമാർ കേന്ദ്രത്തിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും ലഭിച്ചില്ല. ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് എതിരായതുകൊണ്ടാണ് അദ്ദേഹത്തിന് മെഡല്‍ ലഭിക്കാത്തത്. കേന്ദ്ര തീരുമാനം തനിക്കനുകൂലമാകാൻ വേണ്ടിയായിരുന്നോ കൂടിക്കാഴ്‌ച എന്ന സംശയം ഉയരുന്നുണ്ട്.

പിവി അൻവർ എംഎല്‍എയുടെ വെളിപ്പെടുത്തലുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ എഡിജിപി അടക്കമുള്ളവർക്കെതിരെ നടക്കുന്ന അന്വേഷണം അതീവ രഹസ്യമായി വേണമെന്ന് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് അന്വേഷണ സംഘാംഗങ്ങള്‍ക്ക് കർശന നിർദ്ദേശം നല്‍കിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു.

ആരോപണങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ സംഘാംഗങ്ങള്‍ ആരാണെന്ന വിവരം പോലും പുറത്തു പോകരുതെന്നാണ് ഡിജിപിയുടെ നിർദ്ദേശം. എഡിജിപിയുടെ വീട് നിർമ്മാണവും, ആർഎസ്‌എസ് നേതാവിനെ കണ്ടതും ഉള്‍പ്പെടെ സകലതും അന്വേഷണ പരിധിയിലുണ്ട്. അതിനാലാണ് അന്വേഷണം അതീവ ഗൗരവത്തിലാക്കാൻ നിർദ്ദേശിച്ചത്. അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് നല്‍കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍, അന്വേഷണം തുടങ്ങിയെങ്കിലും അജിത് കുമാറിനെ ക്രമസമാധാന ചുമതലകളില്‍ നിന്നും മാറ്റിയില്ല. പക്ഷേ, സെപ്‌തംബർ 14 മുതല്‍ 17വരെ അജിത് അവധിയില്‍ പോവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *