കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാർത്ഥി സ്കൂളില്‍ ആത്മഹത്യ ചെയ്തു. കുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് സ്കൂളില്‍ തൂങ്ങിമരിച്ചത്.
ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. കുറ്റിച്ചല്‍ എരുമക്കുഴി സ്വദേശി ബെൻസണ്‍ എബ്രഹാമാണ് മരിച്ചത്. സ്കൂളിലെ ക്ലർക്കിന്റെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
പ്രോജക്‌ട് സീല്‍ ചെയ്യാൻ പോയപ്പോള്‍ ക്ലർക്ക് പരിഹസിച്ചുവെന്ന് കുട്ടിയുടെ അമ്മാവൻ സതീശൻ പ്രതികരിച്ചു. ക്ലർക്കിന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റമാണ് കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടത്. റെക്കോർഡ് സബ്മിറ്റ് ചെയ്യേണ്ട അവസാന ദിവസമായിരുന്നു ഇന്നലെ. സീലു ചെയ്തുകൊണ്ട് വരാനായി ക്ലാസ് ടീച്ചർ ഓഫീസിലേക്ക് അയച്ചു. സീല്‍ തരണമെന്ന് പറഞ്ഞപ്പോള്‍ കളിയാക്കുന്ന രീതിയിലാണ് ക്ലർക്ക് സംസാരിച്ചത്. കുട്ടികള്‍ സീലെടുത്തപ്പോള്‍ ‘നിന്റെ അപ്പന്റെ വകയാണോ എടാ ഇതെന്ന്’ അയാള്‍ ചോദിച്ചു.
സ്കൂളിലെ പല അദ്ധ്യാപകരും കുട്ടിയോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. മുമ്ബും ഇതുപോലെ മോശം അനുഭവം ഉണ്ടായപ്പോള്‍ തങ്ങള്‍ സമാധാനിപ്പിക്കുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു.
കുട്ടിയുടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ സ്കൂളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ലർക്കുമായുള്ള പ്രശ്നത്തിന് പിന്നാലെ കുട്ടിക്കെതിരെ ക്ലർക്ക് പ്രിൻസിപ്പലിന് പരാതി നല്‍കിയിരുന്നു. പ്രിൻസിപ്പല്‍ കുട്ടിയുടെ അമ്മയെ വിളിച്ച് വിവരം അറിയിച്ചതിന് പിന്നാലെയാണ് കുട്ടിയെ കാണാതാകുന്നത്.