കോഴിക്കോട് ജില്ലയിലെ ഒരാഴ്ചത്തെ ആന എഴുന്നള്ളിപ്പുകള്‍ റദ്ദ് ചെയ്തു

ജില്ലയിലെ ഒരാഴ്ചത്തെ ആന എഴുന്നള്ളിപ്പുകള്‍ റദ്ദ് ചെയ്തു. ജില്ലാ മോണിറ്ററിങ് കമ്മറ്റിയാണ് നടപടി സ്വീകരിച്ചത്.മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ ആനയിടഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള അടയന്തിര സാഹചര്യം പരിഗണിച്ചാണ് ഒരാഴ്ചത്തേക്ക് ജില്ലയിലെ എല്ലാ ആന എഴുന്നള്ളിപ്പുകളും റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്.

കോഴിക്കോട് ജില്ലാ മോണിറ്ററിങ് കമ്മറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമായതായി കോഴിക്കോട് ഫോറസ്റ്റ് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.നിലവില്‍ കോഴിക്കോട് ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച്‌ ഫെബ്രുവരി 14 മുതല്‍ ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ എല്ലാ ആന എഴുന്നള്ളിപ്പുകളും റദ്ദ് ചെയ്യാനാണ് തീരുമാനം.

സുരക്ഷിതമായ ആന എഴുന്നള്ളിപ്പിന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി നല്‍കുന്ന ആന എഴുന്നള്ളിപ്പിന്റെ ഉത്തരവില്‍ പ്രതിപാദിക്കുന്ന എല്ലാ നിബന്ധനകളും ആന എഴുന്നള്ളിപ്പിന്റെ ചുമതല ഉള്ള ക്ഷേത്ര ഭാരവാഹികള്‍, ഉത്സവ കമ്മിറ്റികള്‍ നിര്‍ബന്ധമായും പാലിക്കണം.

ആന എഴുന്നള്ളിപ്പിന്റെ ഉത്തരവില്‍ സൂചിപ്പിക്കും പ്രകാരമുള്ള ആനകള്‍ തമ്മിലുള്ള അകലവും, ആനയും ആളുകളും തമ്മില്‍ പാലിക്കേണ്ട അകലവും ഉത്സവം കഴിയുന്നതുവരെ തുടര്‍ച്ചയായി പാലിക്കേണ്ടതും അതിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഉത്സവ കമ്മിറ്റികള്‍ ഉറപ്പുവരുത്തണം. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ക്ഷേത്രങ്ങള്‍ യാതൊരു കാരണവശാലും ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ആനയെ എഴുന്നള്ളിച്ചാല്‍ ആനയെ ഉത്സവങ്ങളില്‍ നിന്ന് നിരോധിക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *