പലസ്തീനിലെ ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുട്ടികളുള്‍പ്പെടെ 30 പേര്‍ക്ക് ദാരുണാന്ത്യം. പടിഞ്ഞാറന്‍ ഗാസ നഗരത്തില്‍, ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്‌കൂളുകള്‍ക്ക് നേരെയായിരുന്നു ബോംബ് ആക്രമണം.
ഇവിടെ താമസിച്ചിരുന്ന അഭയാര്‍ത്ഥികളായ പലസ്തീനികളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തില്‍ ഹാസന്‍ സലാമ, അല്‍ നാസര്‍ സ്‌കൂളുകള്‍ ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു.
തങ്ങള്‍ ഹമാസിന്റെ കമ്മാന്‍ഡ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിന്റെ വാദം. ഒരു മാസത്തിനിടെ ഇസ്രയേല്‍ ഗാസയില്‍ 11 സ്‌കൂളുകള്‍ തകര്‍ത്തു. ജൂലൈ ആറ് മുതല്‍ ഇതുവരെ 150 ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഹമാസ് – ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഭവനരഹിതരാക്കപ്പെട്ട അഭയാര്‍ത്ഥികളാണ് ഇവിടെ കഴിഞ്ഞിരുന്നതെന്നാണ് പലസ്തീനിലെ സിവില്‍ ഡിഫന്‍സ് വക്താവ് മഹമുദ് ബസല്‍ പ്രതികരിച്ചു.