ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് ഹരിയാന രാജ്ഭവനിലാണ് സത്യപ്രതിജ്ഞാചടങ്ങ് നടന്നത്.
നാല് ജെജപി എംഎല്‍എമാർ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. പാർട്ടി വിളിച്ച യോഗത്തില്‍നിന്ന് വിട്ടുനിന്ന നാല് എംഎല്‍എമാരാണ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.
പിന്നോക്ക വിഭാഗത്തില്‍നിന്നുള്ള നേതാവായ സൈനി ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തില്‍നിന്നുള്ള എംപിയുമാണ്. വിമത ജെജെപി എംഎല്‍എമാര്‍ അടക്കമുള്ളവര്‍ പുതിയ മന്ത്രിസഭയില്‍ അംഗങ്ങളാകുമെന്നാണ് വിവരം.
ബിജെപി-ജെജെപി സഖ്യം തകര്‍ന്നതിന് പിന്നാലെ മനോഹര്‍ലാര്‍ ഖട്ടാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികള്‍ക്കും ഇടയില്‍ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു രാജി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 10 സീറ്റിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതോടെ ഇരുകൂട്ടര്‍ക്കുമിടയില്‍ ഭിന്നത രൂക്ഷമായിരുന്നു. ഹിസാര്‍, ഭിവാനി-മഹേന്ദ്രഗഡ് മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന ജെജെപിയുടെ ആവശ്യം ബിജെപി തള്ളിയതാണ് സഖ്യത്തിന്‍റെ തകര്‍ച്ചയ്ക്ക് വഴിവച്ചത്.