സര്‍ക്കാര്‍ പഴയ ബ്രഡ് വിതരണം ചെയ്‌തെന്ന് വൈറ്റ് ഗാര്‍ഡ്, ബ്രഡ് ആര്‍ക്കും നല്‍കിയിട്ടുപോലുമില്ലെന്ന് മന്ത്രി

 ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുത്തിത്തിരിപ്പുണ്ടാക്കാനുള്ള മുസ്ലീം ലീഗിന്റെ ശ്രമം പൊളിഞ്ഞു.

ലീഗിന്റെ വൈറ്റ് ഗാര്‍ഡ് ഉള്‍പ്പെടെ എല്ലാ സംഘടനകളും ഭക്ഷണവിതരണത്തില്‍ നിന്നും പിന്മാറണമെന്നും ഇതിനായി കേന്ദ്രീകൃത സംവിധാനം ഒരുക്കിക്കഴിഞ്ഞെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ഇതോടെ ലീഗിന്റെ സംഘടനകളും അനുയായികളും സര്‍ക്കാരിനെതിരെ വ്യാപകമായ വ്യാജപ്രചരണം നടത്തി.

സര്‍ക്കാരിന്റെ ഭക്ഷ്യ വിതരണ കേന്ദ്രത്തില്‍ നിന്ന് ഡേറ്റ് കഴിഞ്ഞ പൂത്ത ബ്രെഡ് വിതരണം ചെയ്തു എന്നായിരുന്നു ഒരു ആരോപണം. വൈറ്റ് ഗാര്‍ഡുകാര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ബ്രഡ് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. എന്നാല്‍, ഭക്ഷണ വിതരണ കേന്ദ്രത്തില്‍ നിന്ന് ബ്രഡ് തന്നെ വിതരണം ചെയ്തിട്ടില്ല എന്ന് റവന്യൂ മന്ത്രി രാജന്‍ വ്യക്തമാക്കിയതോടെ കുത്തിത്തിരിപ്പ് പൊളിയുകയായിരുന്നു. വിതരണം ചെയ്യാത്ത ബ്രെഡ് എങ്ങനെ പൂക്കും എന്ന ന്യായമായ ചോദ്യവും മന്ത്രി ചോദിക്കുന്നുണ്ട്.

ഭക്ഷണവിതരണം സംബന്ധിച്ച്‌ കൃത്യമായ അറിയിപ്പ് നല്‍കിയതോടെയാണ് അത് ആയുധമാക്കാന്‍ ലീഗ് അണികള്‍ രംഗത്തിറങ്ങിയത്. തങ്ങളെ വിലക്കിയതോടെ പലര്‍ക്കും ഭക്ഷണം ലഭിച്ചില്ലെന്ന ആരോപണവും ലീഗ് പ്രചരിപ്പിച്ചു. എന്നാല്‍, അത് വ്യാജ പ്രചരണമാണെന്ന് ഡി. ആര്‍. മേഘശ്രീ അറിയിച്ചു.

ഓരോ ദിവസവും ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ പുറത്തുള്ളവര്‍ക്കോ ഭക്ഷണം പാചകം ചെയ്ത് നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമില്ലെന്നും കളക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കളക്ഷന്‍ പോയിന്റില്‍ ഏല്‍പ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണിത്. പഴകിയ ഭക്ഷണവും ഗുണമേന്മയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഈ ക്രമീകരണം. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *