സുരേഷ് കുമാറിനെ പിന്തുണച്ച്‌ നിര്‍മാതാക്കളുടെ സംഘടന, ആന്റണിക്ക് സപ്പോര്‍ട്ടുമായി താരങ്ങള്‍; പോര് കനക്കുന്നു

സിനിമാ സമരം പ്രഖ്യാപിച്ച നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്ബാവൂർ രംഗത്തെത്തിയത് മലയാള സിനിമയില്‍ പുതിയ പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്.

സുരേഷ് കുമാറിന് പിന്തുണയുമായി നിർമാതാക്കളുടെ സംഘടന ഇന്ന് പ്രസ്താവന പുറത്തിറക്കും. രണ്ട് ദിവസം മുൻപ് വാർത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാർ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നത്.

ആന്റണി പെരുമ്ബാവൂർ, സുരേഷ് കുമാറിനെതിരെ രൂക്ഷവിമർശനം നടത്തിയതിനു പിന്നാലെ ആന്റണിയെ നേരില്‍ കാണാൻ നിർമാതാക്കളുടെ സംഘടന നീക്കം നടത്തുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആന്റണി പെരുമ്ബാവൂരിന് പിന്തുണയുമായി നടൻ ബേസില്‍ ജോസഫും നടി അപർണ ബാലമുരളിയും രംഗത്തെത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം ആന്റണി പെരുമ്ബാവൂരിന്റെ വിമർശനത്തിനെതിരെ സുരേഷ് കുമാറും പ്രതികരിച്ചിരുന്നു.സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകള്‍ കൂട്ടമായി തീരുമാനിച്ചതാണെന്നുമായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. ആന്റണി പെരുമ്ബാവൂർ യോഗങ്ങളില്‍ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടയില്‍ ആന്റണി പെരുമ്ബാവൂരിന് പിന്തുണയുമായി നടനും സംവിധായകനുമായ പൃഥ്വിരാജും രംഗത്തെത്തിയിരുന്നു.ആന്റണി പെരുമ്ബാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. എല്ലാം ഓകെ അല്ലേ അണ്ണാ? എന്നാണ് പോസ്റ്റിനൊപ്പം പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. നിർമാതാക്കളുടെ സംഘടനയില്‍ സുരേഷ് കുമാറിന്റെ അഭിപ്രായങ്ങളോട് ഭിന്നതയുണ്ടെന്ന് സൂചിപ്പിച്ചുക്കൊണ്ടായിരുന്നു ആന്റണിയുടെ പോസ്റ്റ്. അതിനൊപ്പം പുതിയ ചിത്രമായ എമ്ബുരാന്റെ ബഡ്ജറ്റ് 141 കോടിയെന്ന് സുരേഷ് കുമാർ പറഞ്ഞതിനെയും ആന്റണി വിമർശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *