ശാരീരിക അടുപ്പമില്ലാതെ ഭാര്യക്ക് മറ്റൊരാളോടുള്ള പ്രണയം വ്യഭിചാരമല്ല: മധ്യപ്രദേശ് ഹൈക്കോടതി

 ഭാര്യയ്ക്ക് ഭര്‍ത്താവല്ലാത്ത ഒരാളോട് സ്‌നേഹവും അടുപ്പവും ഉണ്ടെങ്കിലും ശാരീരിക ബന്ധമില്ലെങ്കില്‍ അതിനെ വ്യഭിചാരമായി കണക്കാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി.

വ്യഭിചാരത്തിന്റെ നിര്‍വചനം അനുസരിച്ച്‌ ലൈംഗിക ബന്ധം അനിവാര്യമാണെന്ന് ജസ്റ്റിസ് ജിഎസ് അലുവാലിയ വ്യക്തമാക്കി.

കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഭാര്യ മറ്റൊരു പുരുഷനുമായി പ്രണയത്തിലായതിനാല്‍ അവര്‍ക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് ഭര്‍ത്താവ് വാദിച്ചു. എന്നാല്‍ വൈകാരികമായ കാര്യങ്ങളെ വ്യഭിചാരമായി കണക്കാക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ട് ഭര്‍ത്താവിന്റെ വാദത്തെ കോടതി തള്ളുകയായിരുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 144(5), ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ സെക്ഷന്‍ 125(4) എന്നിവ കോടതി പരാമര്‍ശിച്ചു. ഇവ രണ്ടും വ്യക്തമാക്കുന്നത് ഭാര്യ വ്യഭിചരിച്ച്‌ ജീവിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ ജീവനാംശം നിഷേധിക്കാന്‍ കഴിയൂ എന്നാണ്. ശാരീരിക ബന്ധത്തിന് തെളിവില്ലാതെ ഈ ആരോപണം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.

തനിക്ക് വളരെ കുറഞ്ഞ വേതനം മാത്രമേ ലഭിക്കുന്നുള്ളൂവെന്നും ജീവനാംശം നല്‍കാന്‍ കഴിയില്ലെന്നുമുള്ള ഭര്‍ത്താവിന്റെ വാദവും കോടതി തള്ളി. ഭാര്യസ്വന്തമായി ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നുണ്ടെന്ന ഭര്‍ത്താവിന്റെ വാദവും കോടതിയില്‍ തെളിയിക്കാനായില്ല. കുടുംബക്കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ട് ഭാര്യക്ക് ഇടക്കാല ജീവനാംശം ഹൈക്കോടതി അനുവദിച്ചു.Dailyhunt

Disclaimer

Leave a Reply

Your email address will not be published. Required fields are marked *