ചട്ടലംഘനമില്ല; രാമക്ഷേത്ര പരാമര്‍ശത്തില്‍ മോദിക്കെതിരേ നടപടിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പരാമർശം മാതൃകാ പെരുമാറ്റ ചട്ട ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ.

താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനില്‍നിന്ന് സിഖ് വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ട് വരാൻ സർക്കാർ സ്വീകരിച്ച നടപടികള്‍ മോദി പരാമർശിച്ചതും ചട്ട ലംഘനമല്ലെന്ന് കമ്മിഷൻ വിലയിരുത്തി.

പ്രധാനമന്ത്രി സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച്‌ മാത്രമാണ് വിശദീകരിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തല്‍. പ്രധാനമന്ത്രിയുടെ പ്രസംഗം മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പർധ വളർത്തിയിട്ടില്ല. മതത്തെ കുറിച്ചുള്ള സാധാരണ പരാമർശത്തിന്റെ പേരില്‍ നടപടി എടുക്കാൻ കഴിയില്ല. അങ്ങനെ നടപടിയെടുത്താല്‍ അത് പ്രചാരണത്തിന് സ്ഥാനാർഥികള്‍ക്കുള്ള അവകാശം ലംഘിക്കുന്നതിന് തുല്യമാകുമെന്നും കമ്മിഷൻ വിലയിരുത്തി.

ഏപ്രില്‍ ഒൻപതിന് ഉത്തർപ്രദേശിലെ പിലിഭിത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ കുറിച്ച്‌ നടത്തിയ പരാമർശം മാതൃക പെരുമാറ്റ ചട്ട ലംഘനമാ ണെന്ന് ആരോപിച്ചാണ് കമ്മിഷന് പരാതി ലഭിച്ചത്.

ഇതിന് പുറമെ കർതാർപൂർ ഗുരുദ്വാരയിലേക്കുള്ള ഇടനാഴി വികസനം, അഫ്ഗാനിസ്ഥാനില്‍നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ട് വന്നത് എന്നീ വിഷയങ്ങളില്‍ സർക്കാർ നടത്തിയ ഇടപെടലുകളും മോദി വിശദീകരിച്ചിരുന്നു. മതത്തിന്റെ പേരില്‍ പാർട്ടിക്കും സ്ഥാനാർഥിക്കും വേണ്ടി വോട്ടഭ്യർഥിച്ച മോദിയുടെ ഈ നടപടി മാതൃക പെരുമാറ്റ ചട്ട ലംഘനമാണെന്ന് ആരോപിച്ച്‌ സുപ്രീം കോടതി അഭിഭാഷകൻ ആനന്ദ് ജോണ്‍ഡെയ്ല്‍ ആണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നത്.

ഏപ്രില്‍ പത്തിനാണ് ആനന്ദ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ തീരുമാനം വൈകിയതിനെ തുടർന്ന് ആനന്ദ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജി ഫയല്‍ ചെയ്തിരുന്നു. മോദിക്കെതിരെ നടപടി എടുക്കാൻ കമ്മിഷനോട് നിർദേശിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153-ാം വകുപ്പ് പ്രകാരം മോദിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹർജി ഡല്‍ഹി ഹൈക്കോടതി ഈ ആഴ്ച പരിഗണിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ മാതൃക പെരുമാറ്റ ചട്ട ലംഘനമുണ്ടായിട്ടില്ലെന്ന നിലപാടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *