പതഞ്ജലിക്കെതിരായ കേസ് ; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ കടുത്ത വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്.

അന്ധരല്ലെന്നും പതഞ്ജലിയോട് മഹാമനസ്‌കത കാണിക്കാന്‍ തയാറല്ലെന്നും വ്യക്തമാക്കിയ സുപ്രീംകോടതി രാംദേവിന്റെ മാപ്പ് അപേക്ഷ തള്ളിയിരുന്നു. പത്ജ്ഞലിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മനഃപ്പൂര്‍വ്വം വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. കേസില്‍ ബാബ രാംദേവ് ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് നേരിട്ട് ഹാജരാകണം എന്നാണ് കോടതി നിര്‍ദ്ദേശം.
നേരത്തെ പതജ്ഞലി ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി അറിയില്ലെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും ബാബ രാംദേവ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ക്ഷമാപണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് കഴിഞ്ഞ ദിവസം രാംദേവിനെ അറിയിച്ചിരുന്നു. കൂടുതല്‍ വിചാരണ ആവശ്യത്തിന് നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചിരുന്നു.

കോടതില്‍ കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തി സമര്‍പ്പിച്ച സത്യവാങ്മൂലം കോടതിയിലെത്തും മുമ്ബ് മാധ്യമങ്ങളുടെ കയ്യിലെത്തിയത് കോടതിയെ ചൊടിപ്പിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം എങ്ങനെയാണ് മാധ്യമങ്ങളുടെ കയ്യിലെത്തിയതെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കോടതിയലക്ഷ്യ കേസിനെ നിസാരമായി കണ്ടാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. 2021 ല്‍ പതജ്ഞലിക്കെതിരെയുള്ള പൊതു താല്പര്യ ഹര്‍ജിയില്‍ പരസ്യങ്ങളില്‍ തെറ്റിദ്ധാരണ വരുത്തുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തില്ലെന്നും ഔഷധഗുണമുള്ളതായി അവകാശപ്പെടുന്ന യാദൃശ്ചികമായ പ്രസ്താവനകള്‍ ഉണ്ടാകില്ലെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് ലഘിച്ചതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസാണ് പതഞ്ജലിയും ബാബ രാംദേവും ഇപ്പോള്‍ നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *