കേസ് നിലനില്‍ക്കേ ഒരു ബില്ലിലും രണ്ട് പിഎസ്‌സി അംഗങ്ങളുടെ പട്ടികയിലും ഗവര്‍ണര്‍ ഒപ്പുവച്ചു

ബില്ലുകള്‍ ഒപ്പിടുന്നില്ലെന്ന കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കേ നിയമസഭ പാസാക്കിയ ഒരു ബില്ലില്‍കൂടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു.

ഇതോടൊപ്പം പിഎസ്‌സി അംഗങ്ങളായി രണ്ടു പേരെ നിയമിക്കാനുള്ള മന്ത്രിസഭാ ശിപാര്‍ശയും അംഗീകരിച്ചു.

ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നു പ്രഖ്യാപിച്ച ശേഷം ഒരു ഫയലില്‍ പോലും ഒപ്പിടാതെ മാറ്റിവയ്ക്കുകയായിരുന്നു ഗവര്‍ണര്‍. ഇതിനിടെയാണ് ഇന്നലെ ഫയല്‍ പരിശോധിച്ച്‌ ഒരെണ്ണത്തില്‍ ഒപ്പുവച്ചത്.

നിയമസഭ പാസാക്കിയ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉത്പാദനവും വില്പനയും നിയന്ത്രിക്കല്‍) ബില്ലിനാണു ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. കേരളത്തില്‍ വിതരണം ചെയ്യുന്ന കാലിത്തീറ്റയുടെയും കോഴിത്തീറ്റയുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകള്‍ അടങ്ങുന്നതാണ് ഈ ബില്‍. ഉത്പാദകര്‍ നിയമപരമായി പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഇതില്‍ പറയുന്നുണ്ട്. ഇതു ലംഘിക്കുന്നവര്‍ക്കു തടവും പിഴയും ശിക്ഷയും ലഭിക്കും.

കഴിഞ്ഞ സെപ്റ്റംബര്‍ 27നു ചേര്‍ന്ന മന്ത്രിസഭാ യോഗം കെ. ബാലഭാസ്കരൻ, ഡോ. പ്രിൻസി കുര്യാക്കോസ് എന്നിവരെ പിഎസ്‌സി അംഗങ്ങളായി നിയമിക്കണമെന്ന ശിപാര്‍ശയാണു ഗവര്‍ണര്‍ അംഗീകരിച്ചത്.

ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്നു ബാലഭാസ്കരൻ. ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ ഭാരവാഹിയാണ് പെരുന്പാവൂര്‍ സ്വദേശിയായ ഡോ.പ്രിൻസി കുര്യാക്കോസ്. ഇവര്‍ക്കു മുൻപ് മന്ത്രിസഭ ശിപാര്‍ശ ചെയ്ത രണ്ടു പിഎസ് സി അംഗങ്ങളുടെ ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ല. ഇപ്പോള്‍ അംഗീകരിച്ച ഫയലിനു ശേഷം ഒരാളുടെ നിയമന ശിപാര്‍ശയും പിഎസ്‌സിയിലേക്കു നടത്തി.

ഇപ്പോള്‍ ഒരു ബില്ലിന് അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ ഇനി നിയമസഭ പാസാക്കിയ 15 ബില്ലുകള്‍ക്കും മന്ത്രിസഭ അംഗീകരിച്ച രണ്ട് ഓര്‍ഡിനൻസുകള്‍ക്കും ഗവര്‍ണറുടെ അംഗീകാരം ലഭിക്കാനുണ്ട്. മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാനായി മുൻ ചീഫ് ജസ്റ്റീസ് എസ്.മണികുമാറിനെ നിയമിക്കണമെന്ന ശിപാര്‍ശയും ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ല.

ഇന്നും നാളെയുമായി പാലക്കാട്, തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ നടക്കുന്ന പൊതു പരിപാടികളില്‍ പങ്കെടുത്ത ശേഷം 17നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ ഡല്‍ഹിയിലേക്കു പോകും. 24നു തിരുവനന്തപുരത്ത് മടങ്ങിയെത്തും.

Leave a Reply

Your email address will not be published. Required fields are marked *