ജെല്ലിഫിഷിന് കയറ്റുമതി രംഗത്ത് വൻ സാധ്യത

മത്സ്യത്തൊഴിലാളികള്‍ ഒരിക്കല്‍ ശല്യമായി കണ്ട് അകറ്റിയിരുന്ന ജെല്ലിഫിഷിന് (കടല്‍ച്ചൊറി) കയറ്റുമതി രംഗത്ത് വലിയ സാധ്യതകളാണുള്ളതെന്നും മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടാൻ സഹായിക്കുമെന്നും പുതിയ പഠന റിപ്പോര്‍ട്ട്.

ഈ മേഖലയിലെ അവസരങ്ങള്‍ മുതലെടുക്കാൻ സംരംഭകര്‍ മുന്നോട്ടുവരണമെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആര്‍ഐ) നിദേശിച്ചു.

ആഗോളവിപണിയില്‍ കടല്‍ച്ചൊറി വിഭവങ്ങള്‍ക്ക് ആവശ്യകത കൂടിവരുകയാണ്. ഇത് മത്സ്യത്തൊഴിലാളികള്‍ക്ക് അധിക വരുമാനത്തിനുള്ള അവസരമാണ് തുറന്നിടുന്നത്. ഇവയുടെ സമുദ്ര ളആവാസവ്യസ്ഥയിലുള്ള പ്രാധാന്യവും മറ്റ് പ്രത്യേകതകളും കണക്കിലെടുത്ത് മികച്ച പരിപാലനരീതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു.

തിരുവനന്തപുരം കോവളത്ത് നടക്കുന്ന രാജ്യാന്തര സിംപോസിയത്തില്‍ നടന്ന ജെല്ലിഫിഷ് വ്യാപാരവും ഉപജീവനമാര്‍ഗവും എന്ന വിഷയത്തില്‍ നടന്ന പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളും തീരക്കടല്‍ വിഭവങ്ങളുടെ മത്സ്യബന്ധനതോത് വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍, കടല്‍ച്ചൊറി ബന്ധനവും വ്യാപാരവും ഏറെ സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത്. 2021ല്‍ 11,756 ടണ്‍ ജെല്ലി ഫിഷാണ് ഇന്ത്യൻ തീരത്ത് നിന്നും പിടിച്ചത്. എന്നാല്‍ ജെല്ലിഫിഷിന്റെ പോഷകമൂല്യങ്ങളെ കുറിച്ച്‌ ബോധവല്‍കരണവും ഇവയുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനും നടപടികള്‍ ആലോചിക്കുകയാണെന്നും സിഎംഎഫ്‌ആര്‍ഐ ഡയറക്ടര്‍ പറഞ്ഞു.

നടപ്പുവര്‍ഷം 13.12 കോടി രൂപയുടെ ജെല്ലിഫിഷാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി നടത്തിയതെന്ന് സെൻട്രല്‍ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി മുഖ്യ ഗവേഷക ഡോ .ബന്ദു ജെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *