സര്‍ക്കാര്‍ ഖജനാവിലെ പണം കൊണ്ടല്ല, മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് പോയത് സ്വന്തം ചെലവില്‍; വിവരാവകാശ രേഖ പുറത്ത്

 മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശത്ത് പോയത് സ്വന്തം ചെലവിലെന്ന് വിവരാവകാശ രേഖ. ദുബായ്, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ പന്ത്രണ്ട് ദിവസമാണ് മുഖ്യമന്ത്രി ചെലവഴിച്ചത്.

ഇതിനായി സർക്കാർ ഖജനാവില്‍ നിന്ന് പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്.

ഭാര്യ കമല വിജയനും കൊച്ചുമകനുമായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. യാത്രയില്‍ സുരക്ഷാ ഉദ്യോഗസ്ഥരോ സർക്കാർ ഉദ്യോഗസ്ഥരോ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസിന്റേയും കെ ബി ഗണേഷ് കുമാറിന്റെയും യാത്ര സ്വന്തം ചെലവിലായിരുന്നു.

മേയ് ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശ യാത്രയ്‌ക്കെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിദേശത്ത് സ്വകാര്യ സന്ദർശനം നടത്താൻ പണം എവിടെനിന്നെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചോദിച്ചത്. വിദേശയാത്ര സംബന്ധിച്ച്‌ മുൻകൂട്ടി അറിയിപ്പുകളില്ലാത്തത് ദൂരൂഹമാണെന്നാണും യാത്രയുടെ സ്‌പോണ്‍സറെ വെളിപ്പെടുത്തണമെന്നും ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരനും ആവശ്യപ്പെട്ടിരുന്നു.

സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പാർട്ടി മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ വോട്ട് തേടുമ്ബോള്‍ മുതിർന്ന പി.ബി അംഗവും രാജ്യത്തെ ഏക ഇടത് മുഖ്യമന്ത്രിയുമായ പിണറായി വിജയൻ വിദേശത്ത് അവധിയാഘോഷിക്കാൻ പോയെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി പി എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. വിദേശ സന്ദർശനം നേരത്തേ അവസാനിപ്പിച്ച്‌ മുഖ്യമന്ത്രി തിരിച്ചെത്തിയിരുന്നു.

നവ കേരള യാത്രക്കായി കഠിന പ്രയത്നം ചെയ്ത മുഖ്യമന്ത്രി, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ജോലിയാണ് ചെയ്തത്. അദ്ദേഹത്തിന് വിശ്രമിക്കാൻ അവകാശമുണ്ട്. ആറ് ദിവസം കൊണ്ട് ഭൂമി ഉണ്ടാക്കിയ ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഒന്നേകാല്‍ ലക്ഷത്തോളം രൂപ മാസ ശമ്ബളമുള്ള മുഖ്യമന്ത്രിക്ക് വിദേശത്തു പോകാൻ എവിടെ നിന്നാണ് പണമെന്ന് ചോദിക്കുന്നതില്‍ എന്തർത്ഥമാണ്. മുമ്ബും മന്ത്രിമാർ വിദേശ സന്ദർശനം നടത്തിയിട്ടുണ്ട്. അന്നൊന്നും വിവാദം ഉണ്ടായിട്ടില്ലെന്നുമായിരുന്നു എ കെ ബാലൻ പറഞ്ഞത്.

വിദേശ സന്ദർശനം നേരത്തെ അവസാനിപ്പിച്ച്‌ മേയ് പതിനെട്ടിന് പുലർച്ചെ 3.15നുള്ള വിമാനത്തില്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *