‘മുഖ്യമന്ത്രിമാര്‍ രാജാക്കന്മാരല്ല, എന്തും ചെയ്യാമെന്ന് വിചാരിക്കരുത്’: സുപ്രീംകോടതി

മുഖ്യമന്ത്രിമാര്‍ രാജാക്കന്മാരല്ലെന്ന് ഓര്‍ക്കണമെന്ന് സുപ്രീംകോടതി. സര്‍ക്കാരിനെ നയിക്കുന്നവര്‍ പഴയ കാലത്തെ രാജക്കന്മാരാണെന്ന് ധരിക്കരുത്.

നമ്മള്‍ ഇപ്പോള്‍ പഴയ ഫ്യൂഡല്‍ കാലഘട്ടത്തില്‍ അല്ലെന്ന് ഓര്‍ക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. വിവാദ ഐഎഫ്‌എസ് ഓഫീസറെ രാജാജി ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ ആയി നിയമിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നടപടിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി കെ മിശ്ര, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് പരാമര്‍ശം. സംസ്ഥാന വനംമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് വിവാദ ഐഎഫ്‌എസ് ഓഫീസര്‍ രാഹുലിനെ മുഖ്യമന്ത്രി ധാമി നിയമിച്ചത്. അനധികൃത മരംമുറിക്കേസില്‍ ആരോപണവിധേയനായ രാഹുലിനെ കോര്‍ബറ്റ് ടൈഗര്‍ റിസര്‍വില്‍ നിന്നും നീക്കിയിരുന്നു.

രാജ്യത്ത് പൊതുവായ ഒരു തത്വമുണ്ട്. സര്‍ക്കാരിന്റെ തലപ്പത്തുള്ളവര്‍ക്ക്, പണ്ട് രാജാക്കന്മാരെപ്പോലെ എന്തും ചെയ്യാമെന്ന് വിചാരിക്കരുത്. താങ്കള്‍ ഒരു മുഖ്യമന്ത്രിയാണ്. എന്തും ചെയ്യാമെന്നാണോ?. ആ ഓഫീസറോട് എന്താണ് ഇത്ര താല്‍പ്പര്യം എന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയോട് കോടതി ചോദിച്ചു. രാഹുലിനെ രാജാജി ടൈഗര്‍ റിസര്‍വ് ഡയറക്ടറായി നിയമിച്ച ഉത്തരവ് സെപ്റ്റംബര്‍ 3 ന് പിന്‍വലിച്ചതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *