സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്തുവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തില്‍ നടൻ നിവിൻ പോളി ഡി.ജി.പിക്ക് പരാതി നല്‍കി.
വ്യാജ ആരോപണമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കേസില്‍ തന്‍റെ പരാതി കൂടി പരിഗണിക്കണമെന്നുമാണ് ആവശ്യം. നേരത്തെ, യുവതിയുടെ പരാതിയില്‍ നിവിൻ പോളിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തിരുന്നു.
വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകല്‍ സ്വദേശിയായ യുവതിയുടെ പരാതി. നിവിൻ പോളിക്കൊപ്പം മറ്റു ചിലരും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. നിവിൻ പോളിയടക്കം ആറ് പേരാണ് പ്രതികള്‍. കേസിലെ പൊലീസ് നടപടി അറിഞ്ഞതിന് ശേഷമാകും മുൻകൂർ ജാമ്യം തേടുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് നടൻ നീങ്ങുക.
കേസില്‍ പ്രതിയായതിന് പിന്നാലെ ആരോപണങ്ങളില്‍ പ്രതികരിച്ച് നിവിൻ പോളി വാർത്തസമ്മേളനം വിളിച്ചിരുന്നു. തനിക്കെതിരെ വ്യാജ ബലാത്സംഗ പരാതിയാണ് നല്‍കിയിരിക്കുന്നതെന്നാണ് നിവിൻ പോളി പറഞ്ഞത്. നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകും. വ്യാജ ആരോപണത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടു വരാനുള്ള നടപടികള്‍ സ്വീകരിക്കും. കേസില്‍ നിയമപരമായി നീങ്ങുമെന്നും നിവിൻ പോളി വ്യക്തമാക്കിയിരുന്നു.
പരാതി നല്‍കിയ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒന്നരമാസം മുമ്ബ് ഇതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് വിളിച്ചിരുന്നു. അന്ന് വ്യാജ പരാതിയാണെന്നും പ്രശസ്തിക്ക് വേണ്ടി ചെയ്തതാകാമെന്നുമാണ് പൊലീസ് പറഞ്ഞത്. തന്റെ ഭാഗത്ത് 100 ശതമാനം ന്യായമുണ്ടെന്നും നിവിൻ പോളി പറഞ്ഞിരുന്നു.