ചേര്‍ത്തലയിലെ ഗുണ്ടകളുടെ ‘ഒത്തുചേരല്‍’

ജില്ലയിലെ കുപ്രസിദ്ധ കുറ്റവാളികള്‍ ചേര്‍ത്തലയില്‍ സംഘം ചേര്‍ന്നതിന്‍റെ കാരണം കണ്ടെത്താനാകാതെ പൊലീസ് വട്ടം ചുറ്റുന്നു.

പൊലീസ് തേടുന്ന പ്രതികളടക്കമുള്ളവര്‍ സുരക്ഷിത ഇടമെന്ന നിലയിലാണ് ആഘോഷത്തിനായി ചേര്‍ത്തല അയ്യപ്പൻചേരി തെരഞ്ഞെടുത്തതെന്നാണ് അറിയുന്നത്.

എന്നാല്‍ ഹരിപ്പാടുകാര‍ന്‍റെ ജന്മദിനാഘോഷം ചേര്‍ത്തലയില്‍ സംഘടിപ്പിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് രഹസ്യന്വേഷണ വിഭാഗം കണ്ടെത്തല്‍.

ഇതിന് സേനയിലെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിലാണ്. ലഹരി കടത്ത് ശൃംഖലയുടെ കേന്ദ്രീകരണമാണോയെന്ന സംശയവും ഉയര്‍ത്തുന്നു. അതേസമയം പൊലീസിലെ ചില ഉന്നതരുടെ പിന്തുണയാണ് ചേര്‍ത്തലയില്‍ ആഘോഷം സംഘടിപ്പിക്കാൻ കാരണമായതത്രെ.

കായംകുളം ക്വട്ടേഷൻ ഗ്യാങ്ങുകള്‍ക്ക് പൊലീസിലുള്ള സ്വാധീനം പരസ്യമായ രഹസ്യമാണ്. വിരമിച്ച പൊലിസ് മേധാവിയുമായുള്ള ഇവരുടെ ബന്ധം അടുത്തിടെ ചര്‍ച്ചയായിരുന്നു. ഇടുക്കിയില്‍ പൊലീസിനെ അക്രമിച്ച പ്രതികളുമായുള്ള വഴിവിട്ട ബന്ധമാണ് പുറത്തുവന്നത്.

ഈ സംഘവുമായി അടുത്ത ബന്ധമുള്ളവരും ചേര്‍ത്തലയില്‍ ഉണ്ടായിരുന്നതാണ് പൊലീസ് ഒത്താശ സംശയിക്കാൻ ഇടയാക്കിയത്. ഒരു ഡിവൈ.എസ്.പിക്കെതിരെയാണ് ആക്ഷേപമുയരുന്നത്. കായംകുളം, ഹരിപ്പാട്, കരീലക്കുളങ്ങര, കനകക്കുന്ന് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിലെ പ്രതികളായ ഭരണകക്ഷി ബന്ധമുള്ളവരാണ് പങ്കെടുത്തവരില്‍ ഭൂരിഭാഗവും.

ഹരിപ്പാട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുനില്‍കുമാറിനെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളില്‍ പ്രതിയായ രാഘിലിന്‍റെ ജന്മദിനാഘോഷ മറവിലായിരുന്നു ക്വട്ടേഷൻകാരുടെ ഒത്തുചേരല്‍. കാപ്പ നിയമത്തില്‍ ജില്ലയില്‍ പ്രവേശന വിലക്കുള്ള പ്രതിയും നവകേരള സദസ്സിന്‍റെ സുരക്ഷ സേനയുടെ മറവില്‍ ക്വട്ടേഷൻ അക്രമണം നടത്തിയ കേസിലെ പ്രതിയും ആഘോഷത്തില്‍ പങ്കെടുത്തതാണ് പൊലീസീനെ വെട്ടിലാക്കിയത്.

സംഭവം വിവാദമായതോടെ മൊബൈല്‍ ഫോണ്‍ ഓഫാക്കി പലയിടത്തേക്കായി പ്രതികള്‍ ചിതറിയത് അന്വേഷണത്തെ ബാധിച്ചതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇതില്‍ മിക്കവരും ചൊവ്വാഴ്ച മാവേലിക്കര കോടതിയില്‍ എത്തി.

ചേരിതിരിവിനെ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകന് നേരെയുണ്ടായ വധശ്രമ കേസിലാണ് ഹാജരായത്. ചേര്‍ത്തല ആഘോഷത്തില്‍ പങ്കെടുത്ത രാഘില്‍, ടോണി, ശ്യാംലാല്‍, അരുണ്‍ അന്തപ്പൻ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. ഇതില്‍ അരുണ്‍ ഒഴികെയുള്ളവരാണ് കോടതിയില്‍ എത്തിയത്.

ജില്ലയില്‍ പ്രവേശന വിലക്കുള്ള ശ്യാംലാല്‍ കോടതി പരിസരത്ത് എത്തി മടങ്ങുകയായിരുന്നത്രെ. വിവാദമായ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട എസ്.എഫ്.ഐ നേതാവായിരുന്ന നിഖില്‍ തോമസും ഇതില്‍ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *