ആരോപണം മാത്രം പോര, തെളിവുകളും കൊണ്ടുവരട്ടെ; കാനഡയുടെ വാദങ്ങള്‍ക്ക് മറുപടിയുമായി എസ്. ജയശങ്കര്‍

കാനഡയുടെ ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് രൂക്ഷമായ മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.

കാനഡയുടെ അന്വേഷണം തള്ളുന്നില്ലെന്നും എന്നാല്‍ തെളിവുകള്‍ മുന്നോട്ട് വയ്‌ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വധത്തില്‍ ഇന്ത്യൻ പങ്ക് ആരോപിക്കുന്ന കാനഡയ്‌ക്ക് മറുപടി പറയുകയായിരന്നു അദ്ദേഹം. നിജ്ജാറിന്റെ ട്രാക്ക് റെക്കോര്‍ഡ് അത്ര നല്ലതാല്ലാരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ലണ്ടനില്‍ വിദേശ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയശങ്കറിന്റെ വാക്കുകള്‍.

കനേഡിയൻ രാഷ്‌ട്രീയത്തില്‍ വിഘടനവാദികളുടെ അഭിപ്രായങ്ങള്‍ക്ക് ഇടം നല്‍കുന്നു. ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിക്കുകയും നയതന്ത്ര പ്രതിനിധികളെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ കനേഡ ഒരു നടപടിയും സ്വീകരിച്ചില്ല. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രത്യേക ഉത്തരവാദിത്തമുണ്ട്. ആ സ്വാതന്ത്ര്യത്തെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണ്. അതിന് അനുവദിക്കുന്നത് തെറ്റായ സമീപനമാണ്. കാനഡയ്‌ക്ക് അത്തരമൊരു ആരോപണുണ്ടെങ്കില്‍ ഇന്ത്യയുമായി തെളിവുകള്‍ പങ്കുവെയ്‌ക്കണം. അന്വേഷണത്തെ തള്ളിക്കളയുന്നില്ല. എന്നാല്‍ അവര്‍ വാഗ്ദാനം ചെയ്തത് ഒന്നും അവര്‍ ചെയ്തിട്ടില്ല. – ജയശങ്കര്‍ പറഞ്ഞു.

എന്നാല്‍, നിലപാടില്‍ നിന്നും കാനഡ പലപ്പോഴും പിന്നാക്കം മാറുന്ന സ്ഥിതിയാണ് നിലവില്‍. കാനഡയ്‌ക്ക് ഇന്ത്യയുമായി ഒരു തര്‍ക്കത്തിന് താത്പര്യമില്ലെന്ന് ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. അതേസമയം, കാനഡ മുൻപും ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വിമാനത്തിന് നേരെയുണ്ടായ ബോംബാക്രമണം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *