അപകടത്തില്‍ കുറ്റപ്പെടുത്തല്‍; നാലാം നിലയില്‍നിന്ന് താഴെവീണ കുഞ്ഞിന്‍റെ അമ്മ ജീവനൊടുക്കി

ചെന്നൈയില്‍, അപ്പാർട്ട്മെൻ്റിന്റെ നാലാം നിലയില്‍ നിന്ന് വീണു മേല്‍ക്കൂരയില്‍ കുടുങ്ങിയ ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി.

കാരമട സ്വദേശി രമ്യയെ (33) തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല.

രമ്യ ഭർത്താവ് വെങ്കിടേഷിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം ചെന്നൈയില്‍ തിരുമുല്ലൈവയിലിലെ അപ്പാർട്ട്മെൻ്റിലായിരുന്നു താമസം. രണ്ടാഴ്ച മുൻപാണ് മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്. രക്ഷിതാക്കള്‍ ഞായറാഴ്ച വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻപോയ സമയത്താണ് മരണം നടന്നത്.

സംഭവ സമയത്ത് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവണ് ഉറക്കമുണർന്നപ്പോള്‍, തൂങ്ങിയ നിലയില്‍ രമ്യയെ കണ്ടെത്തിയത്. തുടർ നടപടികള്‍ക്കായി മൃതദേഹം മേട്ടുപാളയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാരമട പൊലീസ് സ്ഥലത്തെത്തി സംഭവത്തെ കുറിച്ചുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു.

ഏപ്രില്‍ മാസം 28നാണ് നാലാം നിലയില്‍നിന്നു വീണ കുട്ടി, രണ്ടാം നിലയിലെ ടിൻ ഷീറ്റിൻ്റെ മുകളില്‍ തൂങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വാർത്ത പ്രചരിച്ചത്. ബാല്ക്കണിയില് ഇരുത്തി ഭക്ഷണം നല്കുന്നതിന് ഇടയില്‍ അമ്മയുടെ കയ്യില് നിന്നാണ് കുഞ്ഞ് താഴേക്ക് വീണത്.

കുഞ്ഞിനെ സാഹസികമായി രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെ വ്യാപകമായ വിമർശനമാണ് രക്ഷിതാക്കള്‍ക്കെതിരെ ഉയർന്നത്. ഇതോടെ കുഞ്ഞിന്റെ അമ്മയ്ക്കെതിരെ വ്യാപക സൈബർ ആക്രമണവും ഉണ്ടായിരുന്നു. ബന്ധുക്കളില്‍ നിന്നും പ്രദേശ വാസികളില്‍ നിന്നുമുള്ള കുറ്റപ്പെടുത്തലുകള്‍ കൂടിയായതോടെ രമ്യ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തില്‍പെട്ട കുഞ്ഞിനെ കൂടാതെ 5 വസസ്സുകാരനായ മറ്റൊരു കുട്ടിയും ദമ്ബതികള്‍ക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *