പശ്ചിമ ബംഗാളില്‍ നഷ്ടപ്പെട്ട മേധാവിത്വം തിരിച്ചുപിടിക്കാന്‍ സിപിഎം നിയോഗിച്ചിരിക്കുന്നത് യുവരക്തങ്ങളെ.
മൂന്ന് പതിറ്റാണ്ടിലേറെ തുടര്‍ച്ചയായ പശ്ചിമ ബംഗാള്‍ ഭരിച്ച സിപിഎം കഴിഞ്ഞ 11 വര്‍ഷത്തിലേറെയായി സംസ്ഥാനത്ത് അധികാരത്തില്‍ നിന്ന് പുറത്താണ്. നിലവില്‍ ബംഗാളില്‍ നിന്ന് ലോക്‌സഭയിലോ നിയമസഭയിലോ പാര്‍ട്ടിക്ക് പ്രാതിനിധ്യമില്ല. ഈ സാഹചര്യത്തിലാണ് അടിമുടി മാറ്റത്തിന് സംസ്ഥാനത്ത് സിപിഎം തയ്യാറെടുത്തിരിക്കുന്നത്.
ഇന്ത്യാ സഖ്യത്തിന്റെ ബാനറിലാണ് സംസ്ഥാനത്ത് സിപിഎം ഇത്തവണ മത്സരിക്കുന്നത്. ആകെയുള്ള 42 സീറ്റില്‍ 23 ല്‍ സിപിഎം, 12 ല്‍ കോണ്‍ഗ്രസ്, മൂന്നെണ്ണത്തില്‍ ആര്‍എസ്പി, രണ്ട് വീതം സീറ്റുകളില്‍ സിപിഐ, ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് എന്നിവരാണ് മത്സരിക്കുന്നത്. ഇതില്‍ സിപിഎം മത്സരിക്കുന്ന 23 ല്‍ 20 ലും യുവാക്കള്‍ക്കാണ് സീറ്റ് നല്‍കിയിരിക്കുന്നത്. അതായത് 80 ശതമാനത്തിലധികം സ്ഥാനാര്‍ത്ഥികളും 40 വയസിന് താഴെയുള്ളവരാണ്.
20 വയസുള്ള അഭിഭാഷകനായ സയന്‍ ബാനര്‍ജി നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കുമ്ബോള്‍ 30 വയസ് തികഞ്ഞ ശ്രീജന്‍ ഭട്ടാചാര്യ ജാദവ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. ശ്രീരാംപൂരില്‍ നിന്ന് മത്സരിക്കുന്ന മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ദീപ്‌സിത ധറിനും 30 ആണ് പ്രായം. ബോളിവുഡ് നടന്‍ നസിറുദ്ദീന്‍ ഷായുടെ മരുമകള്‍ സൈറ ഹലീം ദക്ഷിണ കൊല്‍ക്കത്തയില്‍ നിന്ന് ജനവിധി തേടുന്നു.
യുവസ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യം ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ സഹായിച്ചേക്കാം എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ‘ഈ രാജ്യത്തെയും അതിന്റെ ഐക്യത്തെയും നാനാത്വത്തെയും രക്ഷിക്കാനുള്ള പോരാട്ടമാണിത്. നമ്മുടെ ജനാധിപത്യ മതേതര റിപ്പബ്ലിക്കിന്റെ ഭാവി ഈ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കുന്നു. ഈ പോരാട്ടം യുവാക്കള്‍ നയിക്കണം’, സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ന്യൂസ് 18നോട് പറഞ്ഞു.
പുരോഗമനപരമായ അര്‍ത്ഥം ഭാവിയുടേതാണ് എന്നും റിഗ്രഷന്‍ എല്ലായ്‌പ്പോഴും ഭൂതകാലത്തെ മഹത്വമുള്ളതാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ബംഗാളിന്റെ പുനരുജ്ജീവനത്തിന് ഇടതുപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അത്യന്താപേക്ഷിതമാണ് എന്നും സലീം ചൂണ്ടിക്കാട്ടി. അതേസമയം യുവാക്കള്‍ക്ക് പാര്‍ട്ടി വലിയ തോതില്‍ അവസരം നല്‍കിയത് വോട്ടര്‍മാരില്‍ നല്ല സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് ഹലീം പറഞ്ഞു.