ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂര്‍ണമായി ഇന്നുമുതല്‍ പുനരാരംഭിക്കും. ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലറില്‍ തൊഴിലാളികളുടെ ആവശ്യപ്രകാരമുള്ള പ്രായോഗിക മാറ്റങ്ങള്‍ വരുത്തുമെന്ന് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ടെസ്റ്റില്‍ സഹകരിക്കാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചത്.
ഈ മാസം രണ്ടിന് തുടങ്ങിയ ബഹിഷ്‌കരണ സമരമാണ് ഗതാഗത മന്ത്രിയുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ഒത്തുതീര്‍പ്പായത്. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യങ്ങള്‍ മന്ത്രി ഇന്നലെ വിശദമായി കേട്ടിരുന്നു. ടെസ്റ്റ് പരിഷ്‌കരിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പിന്‍വലിക്കില്ല. എന്നാല്‍ ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് നിരവധി മാറ്റങ്ങള്‍ വരുത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.