കെ ബാബുരാജ്
ഇ പി ജയരാജന്റെ ആത്മകഥ വായന ആയിരുന്നു ഇന്നു കാലത്തു മുതലുള്ള ജോലി. 177 പേജുകൾ ഒറ്റയിരുപ്പിൽ വായിച്ചു തീർത്തത് ആത്മകഥ തന്റേതല്ല എന്നു സഖാവ് നിഷേധിച്ചതു കൊണ്ടാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഇക്കാര്യം പുറത്തു വന്നതിനാൽ ഇ പി ക്കു മറ്റു മാർഗമില്ല. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ആത്മകഥയുടെ പ്രകാശനം നടത്താനായിരിക്കാം അദ്ദേഹം തീരുമാനിച്ചിരിക്കുക. ഇക്കാര്യം മൂന്നു ഉപതെരഞ്ഞെടുപ്പുകൾ എന്ന അവസാന ചാപ്റ്ററിൽ സൂചിപ്പിക്കുന്നുണ്ട്. അതിങ്ങനെയാണ്. : വോട്ടെടുപ്പിന് മുൻപ് ഇതു പ്രസിദ്ധീകരിച്ചാൽ വിവാദമാകും. അതു കഴിഞ്ഞാണ് എന്നതു കൊണ്ടു തുറന്നു പറയാമല്ലോ. എന്നാൽ വോട്ടെടുപ്പ് ദിവസം തന്നെ ഡി സി ബുക്സ് ഇതു പുറത്തു വിടുകയും ചാനലുകൾ അതേറ്റെടുക്കുകയും ചെയ്തതോടെ സ്വന്തം ആത്മകഥയെ തള്ളിപ്പറയേണ്ട ഗതികേടിലായി ഇ പി. തന്റെ പേരിലുള്ള ആത്മകഥ തന്റെതല്ലെന്നും അതേപ്പറ്റി തനിക്കറിവില്ലെന്നും ലോകത്ത് ആദ്യമായി വെളിപ്പെടുത്തിയ ആളാണ് ഇ പി. പൊതുസമൂഹത്തിൽ തനിക്കൊരു വ്യാജ പ്രതിശ്ചായ സൃഷ്ടിക്കപ്പെട്ടു എന്ന ഖേദത്തോടെയാണ് ആത്മകഥ ആരംഭിക്കുന്നത്. അതിൽ നിന്നു രക്ഷപ്പെടാനും താൻ ക്ളീൻ ആണെന്നും സ്ഥാപിക്കാനുള്ള ശ്രമമാണ് ഇ പി നടത്തുന്നത്. അതിനിടയിലാണ് ആത്മകഥ തന്നെ വ്യാജ നിർമിതി ആണെന്ന മട്ടിൽ ഒരു ഉണ്ടായില്ലാ വെടി ഇ പി വെച്ചത്. അതാരും വിശ്വസിക്കില്ലെന്നു അദ്ദേഹത്തിന് തന്നെ ഉറപ്പാണ്. സമര തീച്ചൂളയിലൂടെ കടന്നു വന്ന ബാല്യം, യൗവനം, വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളിലെ നേതൃ പദവി, സ്കൂൾ വിദ്യാർത്ഥി കാലം തൊട്ടേയുള്ള കേസും ഒളിവ് ജീവിതവും പൊലീസ് മർദ്ദനവും എന്നിങ്ങനെ സംഭവ ബഹുലമായ ജീവിതത്തിന്റെ ഏടുകളാണ് ആദ്യ ഭാഗങ്ങളിലുള്ളത്. കണ്ണൂർ ജില്ലയിൽ എതിർപ്പുകളും വെല്ലുവിളികളും അതിജീവിച്ചു കമ്മ്യൂണിസ്റ്റ് പാർട്ടി എങ്ങിനെ കെട്ടിപ്പടുത്തു എന്നതിന്റെ നേർചിത്രം കൂടിയാണത്. പാർട്ടിയുടെ മുതിർന്ന നേതാവായി മാറിയ ശേഷം പാർട്ടിയിലും സർക്കാരിലും ഉന്നത പദവികളിൽ എത്തിപ്പെടുന്നത് വരെയുള്ള ഇ പി യുടെ കഥ ചരിത്ര വിദ്യാർഥികൾക്കും രാഷ്ട്രീയ വിദ്യാർഥികൾക്കും താല്പര്യം ജനിപ്പിക്കുന്നതാണ്. അതു കഴിഞ്ഞുള്ളതാകട്ടെ, സ്വയം ന്യായീകരണ ക്യാപ്സുളുകൾ ആണ്. ബന്ധു നിയമനം അടക്കം ആരോപണങ്ങൾ, മന്ത്രിസഭയിൽ നിന്നു പുറത്താകുന്നത്, ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച തുടങ്ങിയ വിവാദ വിഷയങ്ങളിൽ ഇ പി സ്വാഭാവികമായും സ്വയം പ്രതിരോധത്തിനുള്ള ശ്രമമാണ് നടത്തുന്നത്. പാർട്ടിയെയും അദ്ദേഹം ചുമതല നിർവഹിച്ച ദേശാഭിമാനിയെയും തുറന്നു വിമർശിക്കുന്നുണ്ട് ഇ പി. ബംഗാളിലും ത്രിപുരയിലും തകർന്നു കേരളത്തിൽ അവശേഷിക്കുന്ന പാർട്ടിയിലെ ദൗർബല്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയവും സംഘടനാപരവുമായ തിരുത്തൽ അടി മുതൽ മുടി വരെ വേണമെന്നും സമൂല മാറ്റം വേണമെന്നും ഇ പി കുറിക്കുമ്പോൾ സംസ്ഥാന ഭരണ തലപ്പത്തു നേതൃമാറ്റം ആണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നു വ്യാഖ്യാനിക്കാം. ഒന്നാം പിണറായി മന്ത്രിസഭയെ അപേക്ഷിച്ചു ദുർബലമാണ് രണ്ടാം പിണറായി മന്ത്രിസഭ എന്നു ഇ പി പറയുന്നുണ്ട്. നേതാക്കളും പ്രവർത്തകരും ജനങ്ങളെ കേൾക്കുന്നില്ല, പ്രാദേശിക നേതാക്കൾക്ക് പോലും തുടർഭരണത്തിൽ തലക്കനം, കേവലം ഫാഷനായി മാറുന്ന വിദ്യാർത്ഥി രാഷ്ട്രീയം, സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടുന്നത് വരെയുള്ള സംഘടനാ പ്രവർത്തനം, പാർട്ടി അംഗങ്ങളുടെ നിലവാര തകർച്ച, ക്ലിക്ക് ചെയ്യാതെ പോയ നവകേരള സദസ്സ്, ലോക്സഭാ തെരഞ്ഞെടുപ്പിലെ പാളിപ്പോയ സ്ഥാനാർഥി നിർണയം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട സ്ഥാനാർഥികളുടെ തോൽവി എന്നു തുടങ്ങി സിപിഎം കടന്നു വന്ന വഴികളിലെ പരിശോധന കൂടിയാണ് ഇ പി നടത്തുന്നത്. കൂടെ നിൽക്കുന്നവരെ പാര വെക്കുന്ന കാര്യം വ്യംഗ്യമായി സൂചിപ്പിച്ചു , പാർട്ടിയിൽ നഷ്ടപ്പെട്ട കോമ്രേഡ്ഷിപ്പ് തിരിച്ചു പിടിക്കണമെന്ന് ഇ പി നിർദേശിക്കുന്നു. അവസരവാദ രാഷ്ട്രീയം ചർച്ച ആകുമ്പോൾ പാലക്കാട്ടെ എൽ ഡി എഫ് സ്ഥാനാർഥിയും ചർച്ചയാകുമെന്ന് മൂന്നു ഉപതെരഞ്ഞെടുപ്പുകൾ എന്ന അവസാന ചാപ്റ്ററിൽ പറയുന്നു. ഡോ സരിൻ തലേ ദിവസം വരെ യു ഡി എഫ് സ്ഥാനാർഥി ആകുമെന്ന പ്രതീക്ഷയിലായിരുന്നു. അതു കിട്ടാതായപ്പോൾ ഇരുട്ടി വെളുക്കും മുൻപുള്ള മറുകണ്ടം ചാടൽ. ഇത്തരം സ്വതന്ത്രർ വയ്യാവേലി ആയ നിരവധി സന്ദർഭങ്ങൾ ഉണ്ടെന്നു ഓർമ്മിപ്പിക്കുന്നു. ഇത്രയൊക്കെ തുറന്നെഴുതിയ ശേഷം താൻ അറിയാതെ ഡി സി ബുക്സ് ആത്മകഥ ഉണ്ടാക്കിയതാണെന്നു പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ഏതെങ്കിലും മലയാളി അതു വിശ്വസിക്കുമോ സഖാവേ?