ആത്മകഥാ വിവാദം കത്തിനില്‍ക്കെ ഇപി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിനിനു വേണ്ടി പ്രചാരണം നടത്തും.ആത്മകഥയിലെ സരിന് എതിരായ പരാമർശത്തിന് പിന്നാലെയാണ് സിപിഎം നീക്കം. വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പല്‍ ബസ്റ്റാൻഡില്‍ പൊതുയോഗത്തില്‍ ഇപി സംസാരിക്കും. സിപിഎം നിർദ്ദേശപ്രകാരമാണ് ഇപി എത്തുന്നത്. ആത്മകഥ തൻ്റേതല്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിൻ്റെ നിര്‍ണായക നീക്കം.അതേസമയം, ആത്മകഥാ വിവാദത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ ഡിജിപിക്ക് പരാതി നല്‍കി. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നല്‍കിയ പരാതിയില്‍ പറയുന്നു.
തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.