ആഗോള മേഖലയിലെ സാമ്ബത്തിക അനിശ്ചിതത്വവും പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സർക്കാരിന്റെ തുടർച്ചയെക്കുറിച്ചുള്ള സംശയങ്ങളും ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് ആക്കം കൂട്ടുന്നു.
വിവിധ എക്സ്ചേഞ്ചുകളില്‍ നിന്നുള്ള കണക്കുകളനുസരിച്ച് വിദേശ നിക്ഷേപകർ ഈ മാസം ആദ്യ പത്ത് ദിവസങ്ങളില്‍ ഇന്ത്യൻ ഓഹരി വിപണിയില്‍ നിന്നും 17,000 കോടി രൂപയിലധികമാണ് പിൻവലിച്ചത്. ഏപ്രിലില്‍ 8,700 കോടി രൂപ ഇവർ പിൻവലിച്ചിരുന്നു. ഇന്ത്യയും മൗറീഷ്യസുമായുള്ള നികുതി ഉടമ്ബടിയെ കുറിച്ചുള്ള ആശങ്കകളും പിന്മാറ്റത്തിന് വേഗത കൂട്ടി.
പശ്ചിമേഷ്യയില്‍ യുദ്ധഭീതി വീണ്ടും ശക്തമായതോടെ രാജ്യാന്തര വിപണിയില്‍ വൻകിട ഹെഡ്ജ് ഫണ്ടുകള്‍ ഓഹരികളില്‍ നിന്നും പണം വലിയ തോതില്‍ പിൻവലിച്ച് സുരക്ഷിത മേഖലകളായ സ്വർണം, ഡോളർ എന്നിവയില്‍ നിക്ഷേപിക്കുകയാണ്. കൊവിഡ് വ്യാപനത്തിനുശേഷം ഇന്ത്യൻ വിപണിയിലേക്ക് ഒഴുകിയെത്തിയ വിദേശ പോർട്ട്ഫോളിയോ നിക്ഷേപം തിരിച്ചൊഴുകാൻ തുടങ്ങിയെന്ന് ബ്രോക്കർമാർ പറയുന്നു. വരും ദിവസങ്ങളിലും ഇന്ത്യയില്‍ നിന്നും പുറത്തേക്കുള്ള പണമൊഴുക്ക് ശക്തമാകാനാണ് സാദ്ധ്യത.
അമേരിക്കയില്‍ നാണയപ്പെരുപ്പ ഭീഷണി സജീവമായി നില്ക്കുന്നതിനാല് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവ് മുഖ്യ പലിശ കുറയ്ക്കാനുള്ള സാദ്ധ്യത മങ്ങിയതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ നിന്നും വൻകിട ഹെഡ്ജ് ഫണ്ടുകളും നിക്ഷേപ സ്ഥാപനങ്ങളും പണം പിൻവലിച്ച് ബോണ്ടുകളില്‍ നിക്ഷേപം നടത്തുകയാണ്. കഴിഞ്ഞ വാരം ഇന്ത്യൻ ഓഹരി വിപണി കനത്ത തകർച്ച നേരിട്ടിരുന്നു. വെള്ളിയാഴ്ചയ്ക്ക് മുൻപുള്ള ആറ് വ്യാപാര ദിനങ്ങളില്‍ രാജ്യത്തെ ഓഹരികളുടെ വിപണി മൂല്യത്തില്‍ 17 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. വെള്ളിയാഴ്ച ഇന്ത്യൻ ഓഹരികള്‍ തിരിച്ചു കയറിയെങ്കിലും അടുത്ത വാരം വിപണി കനത്ത തിരിച്ചടി നേരിടാൻ ഇടയുണ്ടെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. നാണയപ്പെരുപ്പ ഭീഷണി ഉയരുന്നതും ധനകാര്യ മേഖലയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ്.
അതേസമയം, സിസ്റ്റമിക് ഇൻവെസ്റ്റ്മെന്റ് പ്ളാൻ (എസ്. ഐ. പി) ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ആഭ്യന്തര നിക്ഷേപകർ പ്രതിമാസം 20,000 കോടി രൂപയ്ക്കടുത്ത് വിപണിയിലെത്തിക്കുന്നതിനാല്‍ വിദേശ ധനസ്ഥാപനങ്ങളുടെ പിന്മാറ്റം ഇന്ത്യൻ ഓഹരികളില്‍ കാര്യമായ വില്‍പ്പന സമ്മർദ്ദം സൃഷ്ടിക്കില്ലെന്നാണ് വിലയിരുത്തല്‍. പ്രതിവർഷം രണ്ടു ലക്ഷം കോടി രൂപയിലധികമാണ് എസ്. ഐ. പികള്‍ വഴി ഓഹരി വിപണിയിലെത്തുന്നത്.
വിദേശ നിക്ഷേപത്തിലെ ട്രെൻഡ്
ഫെബ്രുവരി 1539 കോടി രൂപ
മാർച്ച് 35,098 കോടി രൂപ
ഏപ്രില്‍ -8,760 കോടി രൂപ
മാർച്ച് പത്ത് വരെ -17,000 കോടി രൂപ