രാജ്യത്ത് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിത്തുടങ്ങി. നിയമത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ നല്‍കിയ 14 പേർക്ക് പൗരത്വം നല്‍കി.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയത്. തിരഞ്ഞെടുപ്പ് പൂർത്തിയാകുംമുമ്ബ് സി.എ.എ. നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു.
സി.എ.എ. ചോദ്യംചെയ്തുള്ള വിവിധ ഹർജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹർജികളില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചെങ്കിലും സ്റ്റേ ചെയ്തിരുന്നില്ല. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമ ഭേദഗതിയാണ് പാർലമെന്റ് പാസാക്കിയിരുന്നത്. 2014 ഡിസംബർ 31-ന് മുൻപ് ഇന്ത്യയില്‍ എത്തിയവർക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാൻ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്.
മാർച്ച് 11-ന് ആണ് സി.എ.എ. നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്രം വിജ്ഞാപനം ചെയ്തത്. ഇതിന് പിന്നാലെയാണ് പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചത്. സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും പശ്ചിമ ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈൻ വഴി ആക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനായി പ്രത്യേക പോർട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്.