സൈബര്‍ ആക്രമണം: ‘ഞങ്ങള്‍ ശൈലജയ്‌ക്കൊപ്പം, പക്ഷെ ഒന്നും ഷാഫിയുടെ അറിവോടെയല്ല’- കെ.കെ രമ

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയ്ക്ക് എതിരായ പ്രചാരണങ്ങള്‍ അംഗീകരിക്കാൻ കഴിയില്ലെന്ന് കെ.കെ.രമ എം.എല്‍.എ.

യു.ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്ബിലിന്റെ അറിവോടെയല്ല ഇത്തരം പ്രചാരണം. മറിച്ചുള്ള ആരോപണം നുണയും ശുദ്ധ അസംബദ്ധവുമാണെന്നും അവ നിഷേധിക്കുന്നതായും അവർ വ്യക്തമാക്കി. ശൈലജക്കെതിരായ സൈബർ ആക്രമണത്തിനെതിരെ ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കും. സ്ത്രീകള്‍ ഒന്നിച്ചു നില്‍ക്കേണ്ട വിഷയമാണിത്. സംഭവത്തില്‍ ആരാണ് ഉള്‍പ്പെട്ടത് എന്ന് കണ്ടെത്തി അവർക്കെതിരെ നടപടിയെടുക്കണമെന്നും രമ ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

അപ്രതീക്ഷിതമായ ചില സംഭവങ്ങളിലേക്ക് പ്രചാരണം മാറുന്നു. പി. മോഹനൻ ഈ വിഷയത്തില്‍ പരാതി ഉന്നയിച്ചിട്ട് 20 ദിവസമായി. എന്നിട്ട് പൊലിസ് എന്തുകൊണ്ട് നടപടി എടുത്തില്ല? ശൈലജയ്ക്കെതിരായ വ്യക്തിഹത്യ ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണ്. സ്ത്രീകള്‍ രാഷ്ട്രീയം പറയുമ്ബോള്‍ അവരെ ലൈംഗികമായി അധിക്ഷേപിക്കുന്ന പ്രവർത്തനം ഉണ്ടാവരുത്. ഷാഫിയുടെ ഭാഗത്തു നിന്ന് അത് ഉണ്ടായിട്ടില്ല. പ്രവർത്തകർ ഇത്തരം പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ല.

ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാവരുതെന്നും ആരായാലും മുഖം നോക്കാതെ നടപടി എടുക്കണം. ശൈലജയ്ക്കെതിരായ വ്യക്തിഹത്യയുടെ മറവില്‍ യഥാർത്ഥ രാഷ്ട്രീയം വഴി മാറ്റാനുള്ള ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നതായും സി.പിഎം കേന്ദ്രങ്ങളില്‍ നിന്നാണ് ഇത്തരം ആസൂത്രണം നടക്കുന്നതെന്നും അവർ ആരോപിച്ചു. പി.ജയരാജൻ്റെ വെണ്ണപാളി പരാമർശം അശ്ശീലമാണെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും രമ അറിയിച്ചു. പൊലിസ് വകുപ്പ് നിഷ്ക്രിയമാണെന്നും നിയമസഭയില്‍ പോലും കെ.കെ രമ അധിക്ഷേപം നേരിട്ടെന്നും ഉമ തോമസ് എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *