യുപിയിലെ തങ്ങളുടെ രണ്ടാമത്തെ മാളിനായുള്ള നടപടി ക്രമങ്ങള്‍ ശക്തമാക്കി ലുലു ഗ്രൂപ്പ്. നിലവില്‍ ലഖ്നൗലാണ് യുപിയിലെ ഒരേയൊരു ലുലുമാള്‍ സ്ഥിതി ചെയ്യുന്നതെങ്കില്‍ അടുത്ത മാള്‍ വരാന്‍ പോകുന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടകമായ ഗോരഖ്പൂരിലാണ്.
നഗരത്തിലെ കലേസർ സീറോ പോയിൻ്റിന് സമീപമാണ് പുതിയ മാളിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ആറ് ഏക്കറോളം വിസ്തീർണ്ണത്തിലാണ് ഗോരഖ്പൂരിലെ മാള്‍ വരാന്‍ പോകുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഭൂമി വിട്ടുകിട്ടുന്നതിനായുള്ള അപേക്ഷ ലുലു ഗ്രൂപ്പ് അധികൃതർ സർക്കാറിന് കൈമാറി കഴിഞ്ഞു. പദ്ധതി വിശദമായി പഠിച്ച ശേഷം വളരെ എളുപ്പത്തില്‍ തന്നെ ഭൂമി കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമി ലഭിക്കുന്നതോടെ ആദ്യഘട്ടത്തില്‍ 100 കോടിയോളം രൂപ കമ്ബനി പ്രാരംഭ പ്രവർത്തനങ്ങള്‍ക്കായി നിക്ഷേപിക്കും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ സാന്നിധ്യത്തില്‍ കഴിഞ്ഞയാഴ്ച നടന്ന ചടങ്ങിലാണ് ഗോരഖ്പൂരിലെ പദ്ധതിയെക്കുറിച്ച് ലുലു ഗ്രൂപ്പ് വിശദീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കമ്ബനി പ്രതിനിധികള്‍ സ്ഥല പരിശോധനയും മറ്റും പൂർത്തിയാക്കി കഴിഞ്ഞു. ആകെ ആറ് ഏക്കറില്‍ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ വലിയ മാള്‍ നിർമ്മിക്കുന്നതിനുള്ള പ്ലാനാണ് ലുലു മാനേജ്‌മെൻ്റ് ജി ഐ ഡി എക്ക് (ഗോരഖ്പൂർ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റിക്ക്) കൈമാറിയിരിക്കുന്നത്.
ഉത്തർപ്രദേശില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് ലുലു ഗ്രൂപ്പ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആറ് ഷോപ്പിംഗ് മാളുകളും ഒരു ഹോട്ടലും സ്ഥാപിക്കുന്നതിന് ലുലു ഗ്രൂപ്പുമായി ഉത്തർപ്രദേശ് സർക്കാർ 2022 ല്‍ തന്നെ ധാരണാപത്രം ഒപ്പുവച്ചിരുന്നു. കരാർ അടിസ്ഥാനത്തില്‍ ലഖ്നൗന് പുറെ നോയിഡ, വാരണാസി, ഗോരഖ്പൂർ, അയോധ്യ, കാണ്‍പൂർ, പ്രയാഗ്‌രാജ് എന്നിവിടങ്ങളില്‍ മൊത്തത്തില്‍ 4,500 കോടി രൂപ മുതല്‍മുടക്കില്‍ ഷോപ്പിംഗ് മാളുകളും ഹൈപ്പർമാർക്കറ്റുകളും സ്ഥാപിക്കും.
നോയിഡയിലെ സെക്ടർ 108ലെ ഷോപ്പിംഗ് മാള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ നിർമ്മിക്കുന്നത്. ഉത്തർപ്രദേശില്‍ ലുലു നടത്തുന്ന ഈ നിക്ഷേപങ്ങള്‍ പൂർത്തിയാകുന്നതോടെ 20000-ത്തിലധികം പേർക്ക് തൊഴില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുപി വ്യവസായ വകുപ്പ് മന്ത്രി രാകേഷ് സഞ്ചൻ്റെ സാന്നിധ്യത്തില്‍ പിഡ ബ്ല്യു ഡി പ്രിൻസിപ്പല്‍ സെക്രട്ടറി നരേന്ദ്ര ഭൂഷണ്‍, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എംഎ എന്നിവരുടെ സാന്നിധ്യത്തില്‍ ദുബായില്‍ വെച്ചായിരുന്നു ഇരുകക്ഷികളും തമ്മിലുള്ള കരാർ.
നോയിഡയില്‍ കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെയുള്ള ഒരു ലോജിസ്റ്റിക് ഹബ് സ്ഥാപിക്കാനായി ലുലു 500 കോടി രൂപ നിക്ഷേപിക്കുന്നുണ്ട്. ഉടന്‍ തന്നെ പദ്ധതി പ്രവർത്തികമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതിനായി ചെറിയ ഗ്രാമങ്ങളിലെ കർഷകരുമായും അവരുടെ സഹകരണ സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കാന്‍ നോക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എംഎ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.
പഴങ്ങള്‍, പച്ചക്കറികള്‍, അരി, ചായപ്പൊടി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍, മറ്റ് ധാന്യങ്ങള്‍ തുടങ്ങിയവാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്. ഉത്തരേന്ത്യയുടെ വിവിധ ഇടങ്ങളില്‍ നിന്നെത്തുന്ന വസ്തുക്കള്‍ സ്റ്റോർ ചെയ്ത് വെക്കുന്നതിനുള്ള സജ്ജീകരണമാണ് നോയിഡയില്‍ ഒരുക്കുന്നത്. ശേഖരിക്കുന്ന ഉല്‍പന്നങ്ങള്‍ പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറിലേക്കാണ് എത്തുന്നത്.
ലുലു ഗ്രൂപ്പിന് പുറമെ അലാന ഗ്രൂപ്പ്, വിപിഎസ് ഹെല്‍ത്ത് കെയർ തുടങ്ങി നിരവധി പ്രമുഖരും യുപിയില്‍ നിക്ഷേപം നടത്താൻ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രധാനമായും ഹോസ്പിറ്റാലിറ്റി, ഇൻഫ്രാസ്ട്രക്ചർ, ഫുഡ് പ്രോസസിംഗ്, അഗ്രോ, ഫുഡ് സെക്യൂരിറ്റി, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ നിക്ഷേപം നടത്താനാണ് വിദേശ കമ്ബനികളെ യുപി സർക്കാർ ക്ഷണിക്കുന്നത്.