ആദ്യഘട്ട വിധിയെഴുത്ത് നാളെ; ഇന്ന് നിശ്ശബ്ദ പ്രചാരണം

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് നാളെ. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളടക്കം രാജ്യത്തെ 102 ലോക്‌സഭാ മണ്ഡലങ്ങളിലെ ജനങ്ങളാണ് ആദ്യ ഘട്ടത്തില്‍ വിധി കുറിക്കുന്നത്.

തമിഴ്‌നാട് മൊത്തത്തിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.

നാളെ വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. 102 മണ്ഡലങ്ങളിലായി 1,625 സ്ഥാനാര്‍ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. തമിഴ്‌നാട്ടില്‍ 39 സീറ്റുകളിലായി ആകെ 950 സ്ഥാനര്‍ഥികളാണ് മത്സരിക്കുന്നത്. പുതുച്ചേരി സീറ്റിലും നാളെയാണ് വോട്ടെടുപ്പ്. രാജസ്ഥാനില്‍ 12, യുപിയില്‍ എട്ട്, ബിഹാറില്‍ നാല്, ബംഗാളില്‍ മൂന്ന് എന്നിങ്ങനെ സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നു.

തമിഴ്‌നാട്ടില്‍ ഡി എം കെ സഖ്യം വലിയ പ്രതീക്ഷയിലാണ്. കോണ്‍ഗ്രസും ഇടത് പക്ഷവും മുസ്ലിം ലീഗും ഉള്‍ക്കൊള്ളുന്ന ഡി എം കെ മുന്നണി 39 സീറ്റിലും വിജയിക്കുമെന്നാണ് ഡി എം കെ അവകാശപ്പെടുന്നത്. ദ്രാവിഡ മണ്ണില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. അണ്ണാ ഡി എം കെക്ക് ഉണ്ടാവുന്ന ക്ഷീണം ബി ജെ പിക്കു നേട്ടമാകുമെന്ന പ്രതീക്ഷയാണ് അവര്‍ പുലര്‍ത്തുന്നത്.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും ഇന്നലെ കൊട്ടിക്കലാശത്തില്‍ പങ്കുചേര്‍ന്നു. ബൈക്ക് റാലികളും റോഡ്‌ഷോകളുമായാണ് കൊട്ടിക്കലാശം മുന്നണികള്‍ ആഘോഷമാക്കിയത്.

ഓരോമണ്ഡലത്തിലും താനാണു മത്സരിക്കുന്നത് എന്ന നിലയില്‍ ജനങ്ങള്‍ വോട്ടുരേഖ പ്പെടുത്തണമെന്ന അഭ്യര്‍ഥനയുമായി സ്റ്റാലിന്റെ വീഡിയോ പുറത്തുവന്നിരുന്നു. കോയമ്ബത്തൂരില്‍ ഉദയനിധി സ്റ്റാലിനും കെ അണ്ണാമലൈ റോഡ് ഷോ നടത്തി. എടപ്പാടി പളനിസാമി സേലത്താണ് പ്രചാരണം നടത്തിയത്.

ആദ്യഘട്ടത്തിന്റെ അവസാന പ്രചാരണദിനത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് മോദി റാലികള്‍ നടത്തിയത്. രാഹുല്‍ഗാന്ധി കര്‍ണാടകയിലും പ്രിയങ്കഗാന്ധി ഉത്തര്‍പ്രദേശിലും പ്രചാരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *