ഇറാനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ അമേരിക്ക തയ്യാറെടുക്കുന്നു

ഇറാനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ അമേരിക്ക തയ്യാറെടുക്കുന്നു. ഉപരോധങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇറാന്റെ എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചേക്കും.

അതേസമയം ഇറാനെതിരെയുള്ള പ്രത്യാക്രമണം ചര്‍ച്ച ചെയ്യാന്‍ ഇസ്രയേല്‍ വാര്‍ കാബിനറ്റ് അഞ്ചാം തവണയും കൂടി. തിരിച്ചടി ഇസ്രയേല്‍ പരിമിതപെടുത്തുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക.
അമേരിക്ക അടക്കം സഖ്യകക്ഷികള്‍ തിരിച്ചടിക്ക് ഇസ്രയേലിനെ പിന്തുണയ്ക്കുന്നില്ല.
ഇസ്രയേല്‍ പ്രതികാരനടപടിയിലേക്ക് നീങ്ങിയാല്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ അറിയിച്ചിരുന്നു. തിരിച്ചടിക്കണമെന്ന് ഇസ്രയേല്‍ യുദ്ധകാല മന്ത്രിസഭയില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും തീരുമാനമെടുത്തില്ല.
ഇറാനെപ്പോലെ വലിയൊരു രാജ്യത്തോട് യുദ്ധമുഖം തുറന്ന് പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് തുറന്നുവിടുന്നത് അതീവഗുരുതരസ്ഥിതി ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് പാശ്ചാത്യ രാജ്യങ്ങള്‍. അമേരിക്കയിലെയും ബ്രിട്ടനിലെയും ആഭ്യന്തര സ്ഥിതിയും ഈ വിലയിരുത്തലിന് കാരണമാകുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ തിരിച്ചടിക്ക് ഇസ്രയേല്‍ മുതിര്‍ന്നാല്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഇസ്രയേലിന് പ്രതിരോധത്തിനുള്ള ഏത് നടപടിക്കും പിന്തുണ ഉണ്ടാകുമെന്നും ബൈഡന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *