പതിവായി അശ്ലീല വീഡിയോകള്‍ കാണുന്നു; 14കാരനെ അച്ഛന്‍ പാനീയത്തില്‍ വിഷം കലര്‍ത്തി കൊന്നു

മഹാരാഷ്ട്രയില്‍ 14 വയസുള്ള മകനെ അച്ഛന്‍ ശീതള പാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി. മകന്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുന്നതും സ്‌കൂളില്‍ പെണ്‍കുട്ടികളെ കളിയാക്കുന്നതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്ന് പൊലീസ് പറയുന്നു.

സോലാപൂരില്‍ കഴിഞ്ഞ മാസമാണ് സംഭവം. മകനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ വിജയ് ബട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 13ന് മകന്‍ വിശാലിനെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ്് കേസിന്റെ ചുരുളഴിച്ചത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വിഷം ഉള്ളില്‍ ചെന്നാണ് കുട്ടി മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയതെന്നും പൊലീസ് പറയുന്നു.

മകന്‍ പഠിത്തത്തില്‍ മോശമായിരുന്നുവെന്ന് വിജയ് മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. മകന്‍ സ്‌കൂളിലെ പെണ്‍കുട്ടികളെ കളിയാക്കുന്നതും ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുന്നതും പതിവായിരുന്നു. സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ നിരന്തരം ഉപദേശിച്ചിരുന്നുവെങ്കിലും വിശാല്‍ ചെവിക്കൊണ്ടില്ല. കൂടാതെ മകന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട് സകൂളില്‍ നിന്ന് പരാതികളും വരാന്‍ തുടങ്ങി. ഇതില്‍ അസ്വസ്ഥനായ വിജയ് മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

സംഭവദിവസം സ്‌കൂട്ടറില്‍ മകനെ തുള്‍ജാപൂര്‍ റോഡിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ശീതള പാനീയം വാങ്ങി നല്‍കി. വിശാലിന് നല്‍കുന്നതിന് മുന്‍പാണ് പാനീയത്തില്‍ വിഷം കലര്‍ത്തിയതെന്നും പൊലീസ് പറയുന്നു.

ശീതള പാനീയം കുടിച്ച വിശാല്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ വിജയ് മകനെ ഉപേക്ഷിച്ച്‌ വീട്ടിലേക്ക് തനിയെ തിരികെ പോകുകയായിരുന്നു. കേസ് വഴിതിരിച്ചുവിടാന്‍ വൈകീട്ടോടെ മാതാപിതാക്കള്‍ മകനെ കാണാനില്ലെന്ന് കാട്ടി സ്റ്റേഷനില്‍ പരാതി നല്‍കി. വിശാലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ നിര്‍ണായകമായതെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *