‘തമിഴ്നാടിനെ അപമാനിക്കുന്നത് നിര്‍ത്തണം’; മോദിയോട് എം കെ സ്റ്റാലിൻ

ഒഡിഷയിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുരിയിലെ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച തമിഴ്നാട് വിരുദ്ധ പരാമർശത്തില്‍ മറുപടിയുമായി ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ.

ക്ഷേത്രത്തിന്‍റെ ആന്തരിക അറയുടെ (രത്നഭണ്ഡാർ) കാണാതായ താക്കോല്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിരിക്കുമെന്നാണ് മോദി ഉന്നയിച്ച ആരോപണം. ദശലക്ഷക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ജഗന്നാഥനും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ദൈവത്തോടുള്ള ഭക്തിക്കും ഒഡിഷയുമായുള്ള സൗഹാർദ്ദപരമായ ബന്ധത്തിനും മോദിയുടെ പ്രസ്താവന അപമാനമാണെന്ന് സ്റ്റാലിൻ ആഞ്ഞടിച്ചു.

ഒഡിഷക്കും തമിഴ്‌നാടിനും ഇടയില്‍ ശത്രുത വളർത്താൻ ഉദ്ദേശിച്ചുള്ളതാണോ മോദിയുടെ വാക്കുകളെന്നും അദ്ദേഹം ആരാഞ്ഞു. ബി.ജെ.ഡി ഭരണത്തില്‍ ക്ഷേത്രം സുരക്ഷിതമല്ലെന്ന മോദിയുടെ വാദവും ആറ് വർഷമായി കാണാതായ താക്കോല്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി എന്ന പരാമർശത്തേയും സ്റ്റാലിൻ കുറ്റപ്പെടുത്തി.

സംസ്ഥാനങ്ങള്‍ക്കിടയില്‍ വിള്ളല്‍ ഉണ്ടാക്കാൻ സാധ്യതയുള്ള മോദിയുടെ ഭിന്നിപ്പിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിന് മുൻപ് ഉത്തർപ്രദേശില്‍ മോദി നടത്തിയ പരാമർശങ്ങളെ അപലപിച്ചിട്ടും പ്രധാനമന്ത്രി തമിഴ്‌നാടിനെ അപകീർത്തിപ്പെടുത്തുന്നത് തുടരുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാടിനെയും തമിഴ് ജനതയേയും ഇകഴ്‌ത്തുന്നത് നിർത്തണമെന്നും സ്റ്റാലിൻ മോദിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *