വയനാട് പുനരധിവാസം: മാസ്റ്റര്‍പ്ലാനിന് മന്ത്രിസഭയുടെ അംഗീകാരം, തീരുമാനങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കും

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. പുനരധിവാസവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മാസ്റ്റർപ്ളാനിന്റെ രൂപരേഖ കഴിഞ്ഞമന്ത്രിസഭാ യാേഗത്തില്‍ ചീഫ് സെക്രട്ടറി അവതരിപ്പിച്ചിരുന്നു.

ഇത് വിശദമായി ചർച്ചചെയ്ത് പുനരധിവാസം എങ്ങനെ വേണമെന്ന കാര്യത്തിലാണ് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനത്തിലെത്തിയത്.

750 കോടിയോളം രൂപ ചെലവില്‍ രണ്ട് ടൗണ്‍ഷിപ്പുകളിലായി പുനരധിവാസത്തിനായുള്ള വീടുകള്‍ പണിയുന്നതിനും അതിനുള്ള പ്രവർത്തനങ്ങള്‍ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപാേകുന്നതിനുള്ള നടപടികളുമാണ് ഇന്നത്തെ മന്ത്രിസഭായോഗം ചർച്ചചെയ്തത്. പദ്ധതിയുടെ വിശദാംശങ്ങളും തീരുമാനങ്ങളും വൈകിട്ട് 3.30ന് നട‌ത്തുന്ന വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കും.

ആയിരം സ്ക്വയർഫീറ്റുകളുള്ള ഒറ്റനില വീടുകളായിരിക്കും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുക എന്ന് കരട് മാസ്റ്റർ പ്ളാനില്‍ പറഞ്ഞിട്ടുള്ളത്. പദ്ധതിയുടെ മേല്‍നോട്ടത്തിനും നടത്തിപ്പിനും ഓരോ ഏജൻസികളുണ്ടാവും. ഇത് ആരൊക്കെയാണെന്ന കാര്യത്തില്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട് എന്താണ് റിപ്പോർട്ട്.

അതിനിടെ വീടുകള്‍ നിർമ്മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്തവരുമായുളള മുഖ്യമന്ത്രിയുടെ ആദ്യഘട്ട കൂടിക്കാഴ്ചകള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. കർണാടക സർക്കാരിന്റെ പ്രതിനിധികളുമായിട്ടായിരിക്കും ആദ്യഘട്ടത്തില്‍ കൂടിക്കാഴ്ച നടക്കുക.50 വീട‌ുകള്‍ നിർമ്മിച്ചുനല്‍കാമെന്ന് പറഞ്ഞവരുമായാണ് ആദ്യഘട്ടത്തിലെ കൂടിക്കാഴ്ച . ഇതിനുശേഷമായിരിക്കും മറ്റുള്ളവരെ കാണുന്നത് എന്നാണ് റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവർ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

അതിനിടെ പുനരധിവാസവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റുകളില്‍ സർവേ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിനായി സർക്കാർ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് സംഘം സ്ഥലം പരിശോധിക്കുന്നത്.കൃഷി, വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത മഹസർ നടപടിക്കും തുടക്കമായിട്ടുണ്ട്. പത്തു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സർവേ നടപടികള്‍ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *